bjp

കൊളംബോ: ശ്രീലങ്കയിൽ ബി.ജെ.പിക്ക് രാഷ്ട്രീയ പ്രവേശനം സാധിക്കില്ലെന്ന് രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. രാജ്യത്തെ തിരഞ്ഞെടുപ്പ് നിയമം അത്തരമൊരു ക്രമീകരണം അനുവദിക്കുന്നില്ലെന്ന് ശ്രീലങ്കൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയർമാൻ നിമൽ പുഞ്ചിഹേവ പറഞ്ഞു. ഇന്ത്യയിലെ ഭരണകക്ഷിയായ ബി.ജെ.പി ശ്രീലങ്കയിൽ യൂണിറ്റ് ആരംഭിക്കാൻ തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ശ്രീലങ്കയിലെ ഏത് രാഷ്ട്രീയ പാർട്ടിക്കും വിദേശത്തുള്ള പാർട്ടികളുമായോ ഗ്രൂപ്പുകളുമായോ ബന്ധം പുലർത്തുന്നതിന് അനുമതിയുണ്ട്. എന്നാൽ നമ്മുടെ തിരഞ്ഞെടുപ്പ് നിയമങ്ങൾ വിദേശ രാഷ്ട്രീയ പാർട്ടികൾക്ക് ഇവിടെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല.' പുഞ്ചിഹേവ പറഞ്ഞു.

'ആത്മനിർഭർ ദക്ഷിണേഷ്യ' സംരംഭത്തിന്റെ ഭാഗമായി മറ്റ് പ്രാദേശിക രാജ്യങ്ങളായ നേപ്പാളിലും ശ്രീലങ്കയിലും ബി.ജെ.പി ഘടകം സ്ഥാപിക്കാൻ പദ്ധതിയിടുന്നതായി അമിത് ഷാ പാർട്ടി നേതാക്കളോട് പറഞ്ഞതായി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ് പറഞ്ഞിരുന്നു.