
കൊച്ചി: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ, 350 സി.സി ശ്രേണിയിൽ പുത്തൻ മോഡലായ സി.ബി 350 ആർ.എസ് വിപണിയിലിറക്കി. 1.96 ലക്ഷം രൂപ എക്സ്ഷോറൂം വിലയിൽ രണ്ടു വേരിയന്റുകളാണുള്ളത്. ഉത്പാദനവും ബുക്കിംഗും ആരംഭിച്ചു. ശ്രേണിയിൽ ഹോണ്ട നേരത്തേ വിപണിയിലിറക്കി, മികച്ച സ്വീകാര്യത സ്വന്തമാക്കിയ സിബി 350 ഹൈനസിനേക്കാൾ 10,000 രൂപ അധികമാണ് സിബി 350 ആർ.എസിന്റെ (റോഡ് സെയിലിംഗ്) വില.
350 സി.സി ശ്രേണിയിൽ നിലവിലെ അതികായരായ റോയൽ എൻഫീൽഡിന്റെ മോഡലുകളോടാണ് ഹോണ്ടയുടെ പുതിയ താരങ്ങൾ പ്രധാനമായും ഏറ്റുമുട്ടുക. ഹൈനസിന്റെ അതേ പ്ളാറ്റ്ഫോമിലാണ് സിബി 350 ആർ.എസിന്റെ നിർമ്മാണം. എൻജിനും കടംകൊണ്ടിരിക്കുന്നു. 350 സി.സി, എയർകൂൾഡ്, 4-സ്ട്രോക്ക് ഒച്ച്.സി സിംഗിൾ സിലിണ്ടർ എൻജിനാണുള്ളത്. 20.8 ബി.എച്ച്.പി കരുത്തും 30 എൻ.എം ടോർക്കുമുള്ളതാണ് എൻജിൻ. 5-സ്പീഡ് ഗിയർബോക്സും നൽകിയിരിക്കുന്നു.
റൈഡിംഗ് സാഹചര്യങ്ങൾക്ക് അനുസരിച്ച് എൻജിന്റെ പ്രകടനവും ഇന്ധനക്ഷമതയും മെച്ചപ്പെടുത്തുന്ന പി.ജി.എം-എഫ്.ഐ സംവിധാനം സവിശേഷതയാണ്. വീതിയേറിയ ടയറുകൾ, ഡ്യുവൽ-ടോൺ ഇന്ധനടാങ്ക്, റോൾ സീറ്റ്, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, എൽ.ഇ.ഡി മയമായ ഹെഡ്ലൈറ്റും ടെയ്ൽലാമ്പും എന്നിവയും മികവുകളാണ്. അസിസ്റ്റ് ആൻഡ് സ്ളിപ്പർ ക്ലച്ച്, സെലക്ടബിൾ ടോർക്ക് കൺട്രോൾ, ഡ്യുവൽ ചാനൽ എ.ബി.എസ് എന്നിങ്ങനെയും സവിശേഷതകളുണ്ട്.
റേഡിയന്റ് റെഡ് മെറ്റാലിക്, പോൾ സ്പോർട്ടി യെല്ലോ വിത്ത് ബ്ളാക്ക് നിറഭേദങ്ങളാണ് സിബി 350 ആർ.എസിനുള്ളത്. ഹോണ്ടയുടെ ബിഗ് വിംഗ് ടോപ് ലൈനുകളിലും ഡീലർമാരിലുമാണ് ബുക്കിംഗ് തുടങ്ങിയത്.