fastag

തിരുവനന്തപുരം: ദേശീയ പാതകളിലെ ടോൾ പ്ളാസകളിൽ ഫാസ്ടാഗ് നിർബന്ധമായതോടെ, ഇതുവരെ വാഹനങ്ങളിൽ ടാഗ് ഒട്ടിക്കാത്തവ‌ർ അതിനായി ഫുൾസ്‌പീഡിൽ ഒാട്ടം. ദേശീയപാതാ അതോറിട്ടിക്കു കീഴിലുള്ള എല്ലാ ടോൾ പ്ളാസകളിലും ഇന്നലെ പുലർച്ചെ മുതലാണ് ഫാസ്ടാഗ് നിർബന്ധമാക്കിയത്. പല തവണ സമയപരിധി നീട്ടിയ ശേഷമാണ് ഫാസ്ടാഗ് നിർബന്ധമാക്കിയതെങ്കിലും വാഹന ഉടമകൾക്ക് ടാഗ് സംബന്ധിച്ച് സംശയം തീരുന്നില്ല.

 ഫാസ്ടാഗ്

വാഹനങ്ങളുടെ വിൻഡ്സ്ക്രീനിൽ പതിക്കുന്ന പ്രീപെയ്ഡ‌് ഇലക്ട്രോണിക് ടാഗ്. റേഡിയോ ഫ്രീക്വൻസ് ഐഡന്റിഫിക്കേഷൻ ടെക്നോളജി വഴി പ്രവർത്തിക്കുന്നു. ടോൾ പ്ലാസയിലൂടെ കടന്നുപോകുമ്പോൾ അവിടത്തെ ഉപകരണം നിങ്ങളുടെ വാഹനത്തിലെ ഫാസ്ടാഗ് റീഡ് ചെയ്യും. കാർ‌ഡിൽ പണമുണ്ടെങ്കിൽ പച്ച സിഗ്നൽ. വാഹനം നിറുത്താതെ പോകാം. ടോൾ ഫീസ് നിങ്ങളുടെ ഫാസ് ടാഗിൽ നിന്ന് കുറയും. ഇതിന്റെ സന്ദേശം ഫോൺ മെസ്സേജായും ഇ- മെയിലായും വരും.

കാറുകൾ, ചരക്കു വാഹനങ്ങൾ എന്നിവയ്ക്ക് പ്രത്യേകം ടാഗുകൾ. ടോൾ പ്ലാസയിലെത്തുന്നതിന് 30 മിനിട്ട് മുമ്പേ കാർഡിൽ ചാർജുണ്ടെന്ന് ഉറപ്പാക്കണം. ഫാസ്ടാഗ് ഇല്ലെങ്കിലും ടാഗ് പ്രവർത്തനരഹിതമാണെങ്കിലും പിഴ അടയ്ക്കണം.

 എവിടെ നിന്ന്?

ബാങ്കുകൾ, ആമസോൺ ഉൾപ്പെടെ ഇ- കൊമേഴ്സ് പോർട്ടലുകൾ, ദേശീയപാതാ അതോറിട്ടിയുടെ സെയിൽസ് പോയിന്റുകൾ, ടോൾ പ്ലാസകൾ, പേ ടിഎം. വാഹന ഏജൻസികൾ, ആർ.ടി.ഒ ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്ന് നേരിട്ടും ഓൺലൈനായും ലഭിക്കും. മൊബൈൽ നമ്പർ, വിലാസം എന്നിവ നൽകി ഫാസ്ടാഗ് എടുക്കാം. ആദ്യം നൽകേണ്ടത് 500 രൂപ. ഇതിൽ 200 രൂപ ഡിപ്പോസിറ്ര്, 200 രൂപ പുതുക്കൽ തുക, ആദ്യതവണ ലഭിക്കുന്നത് 100 രൂപയുടെ ചാർജ്. ആവശ്യത്തിനനുസരിച്ച് കാർഡ് റീചാർജ് ചെയ്യാം.

 ഗുണം എന്ത്?

ടോൾ പ്ളാസകളിൽ ഇന്ധന ലാഭം, സമയലാഭം. വാഹനം ടോളിൽ നിറുത്തേണ്ട, 25- 30 കിലോമീറ്രർ വേഗതയിൽ പോകാം.