
ന്യൂഡൽഹി: പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ സ്ഥാനത്തുനിന്നും കിരൺ ബേദിയെ നീക്കി. പകരം തെലുങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജന് താൽക്കാലിക ചുമതല നൽകുന്നതായ് രാഷ്ട്രഭതിയുടെ പ്രസ് സെക്രട്ടറി അജയ് കുമാർ അറിയിച്ചു. ബിജെപി തമിഴ്നാട് ഘടകം മുൻ പ്രസിഡന്റാണ് തമിഴിസൈ.
പുതുച്ചേരിയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ലഫ്റ്റനന്റ് ഗവർണർ സ്ഥാനത്തുനിന്നും കിരൺ ബേദിയെ മാറ്റിയിരിക്കുന്നത്. ഭരണപക്ഷത്തു നിന്നും രാജിവെച്ച എംഎൽഎമാർ ബിജെപിയിൽചേരുമെന്ന് പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയിലായ മുഖ്യമന്ത്രി നാരായണസ്വാമി അഭ്യൂഹങ്ങൾക്കിടെ വിശ്വാസവോട്ടെടുപ്പിന് തയാറാണെന്ന് പ്രഖ്യാപിച്ചിരുന്നു.
ബിജെപി ഉയർത്തിയ സമ്മർദ്ദങ്ങളെ അതിജീവിച്ചായിരുന്നു നേരത്തെ കോൺഗ്രസ് ഡിഎംകെ സർക്കാർ അധികാരത്തിലേറിയത്. എംഎൽഎ മാരുടെ രാജി പ്രഖ്യാപനത്തോടെ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും അംഗസംഖ്യ 14 ആയി. പ്രശ്ന പരിഹാരത്തിന് രാഹുൽ ഗാന്ധി നാളെ പുതുച്ചേരിയിൽ എത്താനിരിക്കെയാണ് നിലവിലെ ഗവർണറെ മാറ്റിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.