
മേൽവസ്ത്രം ധരിക്കാത്ത തന്റെ ചിത്രം ട്വീറ്റ് ചെയ്ത് പോപ്പ് താരം റിഹാന. തന്റെ ലോഞ്ചെറീ ബ്രാൻഡായ 'സാവേജ് എക്സ് ഫെന്റി'യുടെ ഫോട്ടോഷൂട്ടിന്റെ ഭാഗമായുള്ള ചിത്രമാണിത്. ചിത്രത്തിൽ ലൈറ്റ് പർപ്പിൾ നിറത്തിലുള്ള ഒരു മൈക്രോ ഷോർട്സും ആഭരണങ്ങളും മാത്രമാണ് റിഹാന ധരിച്ചിരിക്കുന്നത്. റിഹാനയുടെ ട്വീറ്റ് നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറലായി മാറുകയായിരുന്നു. എന്നാൽ ഗായിക തന്റെ അർദ്ധനഗ്ന ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ വൻ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

റിഹാന ധരിച്ചിരിക്കുന്ന മാലയിലെ ലോക്കറ്റ് കണ്ടാണ് വലതുപക്ഷ/തീവ്ര വലതുപക്ഷാനുകൂലികൾ പ്രതിഷേധമായി താരത്തിന്റെ പോസ്റ്റിനു കീഴിൽ എത്തിയത്. സൗന്ദര്യപരമായ ആവശ്യങ്ങൾക്കായി ഗായിക മതവുമായി ബന്ധപ്പെട്ട ചിഹ്നത്തെ അപമാനിക്കുന്നു എന്നാണ് ഇവർ ആരോപിക്കുന്നത്. റിഹാനയുടെ മലയുടെ ലോക്കറ്റ് ഗണേശ വിഗ്രഹത്തിന്റെ മാതൃകയിലായതാണ് ഇവരെ ചൊടിപ്പിച്ചത്. മാലയ്‌ക്കൊപ്പം ഡയമണ്ട് ബ്രെയ്‌സ്‌സ്‌ലെറ്റുകളും നെക്ക്പീസുകളും കമ്മലും താരം ധരിച്ചിട്ടുണ്ട്.

ട്വിറ്ററിലൂടെ തന്നെ ഇന്ത്യയിലെ കർഷക സമരത്തെ അനുകൂലിക്കുന്ന നിലപാടുമായി റിഹാന വന്നിരുന്നു. ഇതിനുപിന്നാലെ പോപ്പ് താരത്തെ പിന്തുണച്ചും എതിർത്തും നിരവധി പേർ രംഗത്ത് വന്നു. ഒപ്പം, സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ തുൻബെർഗും സമരം ചെയ്യുന്ന കർഷകരെ അനുകൂലിച്ചുകൊണ്ട് രംഗത്ത് വന്നു. ശേഷം, ക്രിക്കറ്ററായ സച്ചിൻ ടെണ്ടുൽക്കർ, ഗായിക ലത മങ്കേഷ്‌കർ തുടങ്ങിയവർ പരോക്ഷമായി റിഹാനയുൾപ്പെടെയുള്ളവർക്കെതിരെ നിലപാട് സ്വീകരിച്ചുകൊണ്ട് കേന്ദ്ര സർക്കാരിന് അനുകൂലമായി ട്വീറ്റുകളിടുകയും ചെയ്തിരുന്നു.