
മീററ്റ്: ഉത്തർപ്രദേശിൽ സ്‌ഫോടക വസ്തുക്കളുമായി രണ്ട് മലയാളികളെ പിടികൂടി പൊലീസ്. അൻസാദ് ബദറുദ്ദീൻ, ഫിറോസ് ഖാൻ എന്നിവരാണ് യുപി പൊലീസിന്റെ പിടിയിലായത്. ഇവർ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറയുന്നു. പിടിയിലായവർ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്നും പൊലീസ് പറയുന്നു. ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്.
യുപി എഡിജി പ്രശാന്ത് കുമാറാണ് വാർത്താസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്. യുപി പൊലീസിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്‌സാണ് ആയുധങ്ങളും ഒപ്പം സ്‌ഫോടക വസ്തുക്കളുമായി ഇരുവരെയും പിടികൂടിയത്. എന്നാൽ എത്രത്തോളം മാരകമായ ആയുധങ്ങളാണ് ഇവരുടെ പക്കലുണ്ടായിരുന്നതെന്ന് വ്യക്തമല്ല. ചില ഹിന്ദു സംഘടനകളിൽപ്പെട്ട നേതാക്കളെ ഇവർ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായും യുപി പൊലീസ് പറയുന്നുണ്ട്.
ഫെബ്രുവരി 11ന് സ്‌ഫോടനങ്ങൾ നടത്താൻ ലക്ഷ്യമിട്ടുകൊണ്ട് രണ്ടുപേർ ഉത്തർപ്രദേശിൽ എത്തുന്നുവെന്ന് രഹസ്യന്വേഷണ വിഭാഗത്തിൽ നിന്നും വിവരം ലഭിച്ചിരുന്നു എന്നും പൊലീസ് പറയുന്നു. ഇതനുസരിച്ച് ഇവർക്കുവേണ്ടിയുള്ള തിരച്ചിൽ നടത്തിവരികയായിരുന്നു. പക്ഷെ അപ്പോൾ ഇവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ഇവർ യുപിയിൽ എത്തി എന്ന് ഉറപ്പിച്ചതിന് ശേഷമാണു ഇവരെ അറസ്റ്റ് ചെയ്തത്. യുപി പൊലീസ് അറിയിച്ചു.