kanhaiya-kumar

ന്യൂഡൽഹി: യുവനേതാവ് കനയ്യ കുമാർ ജെഡിയുവിലേക്കെന്ന അഭ്യൂഹത്തിൽ പ്രതികരണവുമായി സിപിഐ. കനയ്യ കുമാർ സിപിഐ ബന്ധം ഉപേക്ഷിച്ച് ജെഡിയുവിൽ ചേരാൻ സാദ്ധ്യതയുണ്ടെന്ന തരത്തിൽ മാദ്ധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് സിപിഐ പുറത്തിറക്കിയ പ്രസ്ഥാവനയിൽ പറയുന്നു. ബിഹാർ മന്ത്രി അശോക് ചൗദ്ധരിയുമായി കനയ്യ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അദ്ദേഹം പാർട്ടി മാറുന്നതായ അഭ്യൂഹങ്ങൾ പ്രചരിച്ചത്.

കനയ്യകുമാർ സിപിഐ എംഎൽഎ സൂര്യകാന്ത് പാസ്വാനോടൊപ്പം അശോക് ചൗദ്ധരിയെ കണ്ടത് ജനങ്ങളുടെ ചില പ്രശ്നങ്ങളും തന്റെ മണ്ഡലത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചർച്ചൾ നടത്താനുമാണ്. സിപിഐയും കനയ്യകുമാറിനെയും അപകീർത്തിപ്പെടുത്തുന്നതിന് ചില മാദ്ധ്യമങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായ നികൃഷ്ടമായ ഉദ്ദേശത്തെ അപലപിക്കുന്നതായും സിപിഐ പുറത്തിറക്കിയ പ്രസ്ഥാവനയിൽ പറയുന്നു.

അശോക് ചൗധരിയുമായുളള കൂടിക്കാഴ്ച സൗഹാർദ്ദപരമായിരുന്നെന്ന് പ്രതികരിച്ചത് ഒഴിച്ചാൽ ചർച്ചചെയ്തത് എന്താണെന്ന് കനയ്യ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നില്ല. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉപേക്ഷിച്ച് അച്ചടക്കമുളള നേതാവായി മാറാൻ തയ്യാറാണെങ്കിൽ കനയ്യയെ സ്വാഗതം ചെയ്യുമെന്ന് ജെഡിയു വക്താവ് അജയ് അലോക് പറഞ്ഞിരുന്നു. കനയ്യകുമാർ ജെഡിയുവിൽ ചേർന്ന് മുഖ്യധാരയിലേക്ക് വരുന്നെങ്കിൽ എതിർക്കേണ്ടതില്ലെന്ന് ബിജെപിയും വ്യക്തമാക്കിയിരുന്നു.