
ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളി നമ്മെ ആരോഗ്യവാന്മാരായി നിലനിറുത്തുന്ന ധർമ്മം കരളിന്റേതാണ്. കരളിന് തകരാറുണ്ടായാൽ ശരീരത്തിലെ ഭൂരിഭാഗം അവയവങ്ങളേയും പ്രതികൂലമായി ബാധിക്കും. കരൾ പണിമുടക്കുന്നത് ശരീരത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടാനും അതുവഴി മരണം പോലും സംഭവിക്കാനും ഇടയാക്കും. കരളിന്റെ ആരോഗ്യത്തിന് അത്യുത്തമമായ ഫലമാണ് നെല്ലിക്ക.
ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ നെല്ലിക്ക ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിച്ച് കരളിന്റെ പ്രവർത്തനം കൂടുതൽ സുഗമമാക്കുന്നു. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയേയും നെല്ലിക്ക തടയുന്നു. കരൾ രോഗത്തിന് ശേഷമുണ്ടാകുന്ന പ്രശ്നങ്ങൾക്കും നെല്ലിക്ക ഉത്തമമായ ഔഷധമാണ്. കരൾ ഫൈബ്രോസിസിനെ തടയാനും നെല്ലിക്ക സഹായിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. നിത്യഭക്ഷണത്തിൽ മിതമായ അളവിൽ നെല്ലിക്ക ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധശേഷി കൈവരിക്കാനും വിളർച്ച തടയാനും സഹായിക്കും.