
തിരുവനന്തപുരം: എയിഡഡ് കോളേജ് അദ്ധ്യാപക നിയമനത്തിൽ മന്ത്രി കെ ടി ജലീൽ ചട്ടവിരുദ്ധമായി ഇടപെട്ടെന്ന് ആരോപണം. തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജിലെ ലാറ്റിൻ ഭാഷ അദ്ധ്യാപകനെ ഇംഗ്ലീഷ് അദ്ധ്യാപകനായി മാറ്റി നിയമിക്കാൻ മന്ത്രി കേരള സർവകലാശാല വൈസ് ചാൻസലർക്ക് നിർദേശം നൽകിയെന്നാണ് പരാതി.
അദ്ധ്യാപകന്റെ പഠനവകുപ്പ് മാറ്റാൻ മന്ത്രിയുടെ ചേംബറിൽ യോഗം ചേർന്ന് നിർദേശം നൽകിയത് ചട്ടലംഘനമാണെന്നാണ് ആരോപണം. ഉത്തരവ് പിൻവലിക്കണമെന്നവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകി.
തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജിലെ ലാറ്റിന്‍ ഭാഷാ അദ്ധ്യാപകനും പ്രിന്‍സിപ്പളുമായ ഡോ. ഫാ. വി വൈ ദാസപ്പനെയാണ് ഇതേ കോളേജില്‍ ഇംഗ്ലീഷ് അദ്ധ്യാപകനായി മാറ്റി നിയമിക്കാന്‍ നീക്കമുണ്ടായത്. ഫാ. വി വൈ ദാസപ്പനെ കൂടി പങ്കെടുപ്പിച്ചാണ് സർവകലാശാല, കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ യോഗം ജനുവരി ഏഴിന് മന്ത്രിയുടെ ചേംബറിൽ വിളിച്ചുകൂട്ടിയത്.
ഫാ. വി വൈ ദാസപ്പന് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും എം ഫിലും പി എച്ച് ഡിയും ഉണ്ട്. എന്നാല്‍ യു ജി സി ചട്ടപ്രകാരം ഒരു വിഷയത്തില്‍ നിയമിച്ച അദ്ധ്യാപകനെ മറ്റൊരു വിഷയത്തിലേക്ക് മാറ്റാൻ പാടില്ല. അദ്ധ്യാപകന്റെ അപേക്ഷ നേരത്തെ സർവകലാശാല നിരസിച്ചിരുന്നു.