
ന്യൂഡൽഹി: കേരളത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകാൻ തയ്യാറെടുക്കുന്നവർ മത്സരിച്ചാൽ ജയിക്കുമോയെന്ന് സ്വയം വിലയിരുത്തണമെന്ന് സംഘടന ചുമതലയുളള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. സ്ഥാനാർത്ഥിയായി പരിഗണിക്കാത്ത മുതിർന്ന നേതാക്കളെ അക്കാര്യം കേരളത്തിലെ നേതൃത്വം ബോദ്ധ്യപ്പെടുത്തണം. വിജയസാദ്ധ്യതയുളള പ്രവർത്തകനെങ്കിൽ ഗ്രൂപ്പ് നോക്കാതെ സ്ഥാനാർത്ഥിയാക്കുമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.
സ്ഥാനാർത്ഥികളെ സംബന്ധിച്ച് രാഹുൽ ഗാന്ധിക്ക് നൽകിയ ഉറപ്പ് പാലിക്കാൻ എല്ലാ നേതാക്കളും ബാദ്ധ്യസ്ഥരാണ്. യുവാക്കൾക്കും വനിതകൾക്കും സ്ഥാനാർത്ഥി പട്ടികയിൽ അർഹമായ പ്രാതിനിധ്യമുണ്ടാകും. നേമത്ത് ശക്തനായ സ്ഥാനാർത്ഥിയെയാകും കോൺഗ്രസ് രംഗത്തിറക്കുകയെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ മോദി പതിപ്പാണ്. പിണറായി സർക്കാർ കേരളത്തിലെ ചെറുപ്പക്കാരുടെ കണ്ണീരിൽ മുങ്ങി മരിക്കും. കർഷകരോട് മോദി കാണിക്കുന്ന അതേ സമീപനമാണ് ഉദ്യോഗാർത്ഥികളോട് പിണറായി കാണിക്കുന്നതെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.