
ബാലുശ്ശേരി: ഭർത്താവ് കിടന്ന മുറിയ്ക്ക് തീയിട്ടശേഷം കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ഭാര്യയെ നാട്ടുകാർ രക്ഷിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. ബാലുശ്ശേരി തുരുത്ത്യാട് കാഞ്ഞിക്കാവിൽ പോണോയിൽ അബ്ദുളളയുടെ ഭാര്യ സാബിറയാണ് സഹോദരന്റെ വീട്ടിലെ കിണറ്റിൽ ചാടിയത്. സാബിറയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. അബ്ദുള്ളയെ രക്ഷിക്കണമെന്ന് സാബിറ വിളിച്ച് പറഞ്ഞതിനെ തുടർന്ന് സഹോദരി ആമിന അബ്ദുള്ളയുടെ വീട്ടിലേക്ക് ഓടിയെത്തിയപ്പോൾ വീട്ടിനുള്ളിൽ നിന്ന് തീയും പുകയും ഉയരുന്നതാണ് കണ്ടത്. പുറത്തു നിന്ന് അടച്ച വാതിൽ ചവിട്ടി തുറന്നെങ്കിലും പുകനിറഞ്ഞ നിലയിലായിരുന്നു. പക്ഷാഘാതം മൂലം ഒരു ഭാഗം തളർന്ന അബ്ദുള്ളയ്ക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല.
അബ്ദുള്ളയെയും സഹോദരി ആമിനയെയും നാട്ടുകാർ മൊടക്കല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. പേരാമ്പ്രയിൽ നിന്നും നരിക്കുനിയിൽ നിന്നും ഫയർഫോഴ്‌സെത്തിയാണ് തീയണച്ചത്. കിണറ്റിൽ ചാടിയ സാബിറയെയും മൊടക്കല്ലൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അബ്ദുള്ളയും സാബിറയും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. സാബിറയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.