disha-ravi

ഇരുപത്തിയൊന്നുകാരിയായ ദിശ രവിയെന്ന പരിസ്ഥിതി പ്രവർത്തകയായ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്‌തു ജയിലിലടച്ച സംഭവം വ്യാപകമായ പ്രതികരണങ്ങൾ ഉണർത്തിയിരിക്കുകയാണല്ലോ. ഡൽഹിയിൽ നിന്നു പോലീസ് ബാംഗ്ലൂരിലെത്തി ദിശയെ അറസ്റ്റ് ചെയ്ത് ഡൽഹി കോടതിയിൽ ഹാജരാക്കുകയായിരുന്നു. സമരം ചെയ്യുന്ന കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനുള്ളവർക്കു അണിചേരാനുള്ള ഒരു ടൂൾ കിറ്റ് ഗൂഗിളിൽ പ്രചരിപ്പിച്ചതാണ് ദിശ ചെയ്ത കുറ്റം. ആ 'പ്രോഗ്രാം'വികസിപ്പിച്ചെടുത്തത് ഖാലിസ്ഥാൻ വിഘടന വാദികളായിരുന്നുവെന്നും അവരുമായി ബന്ധപ്പെട്ടു ദിശയും കൂട്ടരും പ്രവർത്തിച്ചുവെന്നുമാണ് രാജ്യദ്രോഹ കുറ്റം ചുമത്താനുള്ള കാരണമായി പോലീസ് പറയുന്നത്.
കോടതിയുടെ മുൻപിലുള്ള വിഷയത്തിൽ അഭിപ്രായം പറയാൻ പരിമിതികളുണ്ട്. എന്നിട്ടും ഒരുപാട് പ്രമുഖരും ലോകനേതാക്കളും സ്വതന്ത്ര ബുദ്ധിജീവികളും രാഷ്ട്രീയ നേതാക്കളുമെല്ലാം
അറസ്റ്റ് ഒഴിവാക്കാമായിരുന്നുവെന്നു അഭിപ്രായപ്പെടുന്നു. രാജ്യദ്രോഹം ആരോപിച്ചു അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ വ്യക്തിയല്ല ദിശ. 'പ്രതി'യുടെ പ്രായത്തിന്റെ ഇളമയും ആരോപണത്തിന്റെ ഗുരുത്വവും തമ്മിൽ പൊരുത്തപ്പെടാത്തതു കൊണ്ടുകൂടിയാവണം ഈ അറസ്റ്റ് ഇത്രയേറെ ചർച്ച ചെയ്യപ്പെടുന്നത്. മാത്രവുമല്ല സുപ്രീം കോടതിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും കാലാകാലങ്ങളിൽ പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദ്ദേശങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്നും അനേകം പേർ ചൂണ്ടിക്കാണിക്കുന്നു. മലയാളിയായ മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനും ഇതേ വകുപ്പിലാണ് അറസ്റ്റിലായത്. ഹാഥ്‌രസിലെ ദളിത് പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട്‌ ചെയ്യാൻ പോയതാണ്. ഇപ്പോൾ സുപ്രീം കോടതി അഞ്ചുദിവസത്തെ ജാമ്യം അനുവദിച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടിരിക്കുന്നവരുടെ എണ്ണം സമീപകാലത്തു വർദ്ധിക്കുന്നതായി കാണാം. ഇത്രയേറെ രാജ്യദ്രോഹികളോ നമ്മുടെ നാട്ടിൽ എന്ന് ആർക്കെങ്കിലും ചോദിക്കാൻ തോന്നിയാൽ അത് സ്വാഭാവികം. കുറേക്കാലം രാജ്യദ്രോഹകുറ്റത്തിന് ജയിലിൽ (റിമാൻഡിലായാലും ) കിടന്ന ഒരാൾ ഒടുവിൽ കുറ്റക്കാരനല്ലെന്നു കോടതി വിധിച്ച്‌ സ്വതന്ത്രനായി പുറത്തുവന്നാലും സമൂഹത്തിന്റെ മുന്നിൽ രാജ്യദ്രോഹിതന്നെയായിരിക്കും. ആ വ്യക്തിയുടെ കുടുംബത്തിന്റെ മേലും ആ നിഴൽ പതിഞ്ഞു

കിടക്കും? അതുകൊണ്ടാണ് ഈ വകുപ്പ് ഉപയോഗിക്കുമ്പോൾ വലിയ ജാഗ്രത വേണമെന്ന് കോടതി പലതവണ വ്യക്തമാക്കിയിട്ടുള്ളത്.

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ വിമർശിച്ചാൽ അത് രാജ്യദ്രോഹമാവുമോ? ഇത്തരം അറസ്റ്റുകളൊക്കെ ഭരണഘടന വാഗ്ദാനം തരുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നാണ് ഏറ്റവും വലിയ വിമർശനം. ആ സ്വാതന്ത്ര്യം രാജ്യത്തിന്റെ അഖണ്ഡത അപകടത്തിലാക്കാനോ ജനങ്ങൾ തങ്ങളിൽ വിദ്വേഷം ജനിപ്പിക്കാനോ വേണ്ടി ഉപയോഗപ്പെടുത്തുമ്പോൾ മാത്രമേ 121 എന്ന വകുപ്പ് ആകർഷിക്കപ്പെടുന്നുള്ളു. ദിശാ രവിയുൾപ്പെടെ അറസ്റ്റിലായവരൊക്കെ രാജ്യത്തിന്റെ സുരക്ഷയും സമൂഹത്തിന്റെ ഐക്യവും ലംഘിക്കാനുള്ള പ്രവർത്തനങ്ങളിൽ പങ്കെടുത്തു എന്നാണ് പോലീസ് ഭാഷ്യം. സർക്കാരിന്റെ നയങ്ങളോടും നടപടികളോടുമുള്ള വിമർശനവും പ്രതിഷേധവും വിയോജിപ്പും മാത്രമാണെന്നാണ് പ്രതികളുടെ ഭാഷ്യം. ഏതു ഭാഷ്യമാണ് ശരിയെന്നു കോടതികൾക്കേ
തീരുമാനിക്കാനാവൂ.
രാഷ്ട്രീയ വിമർശനങ്ങൾ ജനാധിപത്യത്തിന്റെ ജീവവായുവാണ് . നമ്മൾ മലയാളികൾ ശീലിച്ചുപോയ ജീവിതശൈലിയുടെ ഭാഗമാണത്. ഭരണഘടനയിലെ വ്യവസ്ഥകൾ വായിച്ചിട്ടുള്ളവർ തന്നെ വിരളം. കോടതിവിധികൾ പഠിച്ചവർ അതിലും ചുരുക്കം. നിലവിലെ മാർഗനിർദ്ദേശങ്ങളും പൗരാവകാശങ്ങളും എന്തൊക്കെയെന്ന് അറിയാവുന്നവർ പിന്നെയും ദുർലഭം. എങ്കിലും നമ്മൾ സർക്കാരുകളെ വിമർശിക്കുന്നത്, വിമർശിച്ചുകൊണ്ടേയിരിക്കുന്നത് ജനാധിപത്യം നമുക്ക് കൽപ്പിച്ചു തന്നതായി നാം വിശ്വസിക്കുന്ന ഏതോ അവകാശത്തെക്കുറിച്ചുള്ള ബോദ്ധ്യത്താലാണ്. വ്യത്യസ്തമായ അഭിപ്രായം അപകടകരമാവുന്നതെപ്പോൾ എന്നും, വിമർശനം വിനാശകരമാവുന്നത് എങ്ങനെയെന്നും, എതിർപ്പ് രാജ്യദ്രോഹമാകുന്നത് എന്തുകൊണ്ടെന്നും ഈ രാജ്യത്തിലെ ജനങ്ങളെ പഠിപ്പിക്കാനുള്ള ബാദ്ധ്യത, അറസ്റ്റു ചെയ്യാൻ അവകാശമുള്ള ഭരണകൂടത്തിനുണ്ട്. നിയമത്തെക്കുറിച്ചുള്ള അജ്ഞത സ്വീകാര്യമായ വാദമുഖമല്ലായിരിക്കാം. പക്ഷേ ജനസംഖ്യയിലെ അക്ഷരാഭ്യാസമില്ലാത്തവരുടെയും പട്ടിണിക്കാരുടെയും ശതമാനം ഇപ്പോഴും ഗണ്യമായി ഉയർന്നു നിൽക്കുന്ന ഈ രാജ്യത്തെ ജനങ്ങൾ നിയമങ്ങളെല്ലാം ഗ്രഹിച്ചിരിക്കുന്നെന്ന് അനുമാനിക്കുന്നത് അപരാധമായിരിക്കും. അനുവദനീയമായ,​ വിമർശനവും അനുവദനീയമല്ലാത്ത വിമർശനവും എന്തൊക്കെയെന്നും, വിമർശനം എപ്പോൾ വിഘടനവാദമാകുമെന്നും, എന്തൊക്കെ പ്രവർത്തനങ്ങൾ രാജ്യദ്രോഹമായി കണക്കാക്കപ്പെടുമെന്നും ഇന്ത്യയിലുള്ള പത്രങ്ങളിൽ ഒരു മുഴുവൻ പേജ് പരസ്യവും ടിവി ചാനലുകളിലും റേഡിയോ ചാനലുകളിലും സമൂഹമാദ്ധ്യമത്തിലും അതിന്റെ സംക്ഷിപ്തരൂപവും പ്രസിദ്ധീകരിക്കാനെങ്കിലും സർക്കാർ കരുണ കാണിക്കണം. രാജ്യദ്രോഹികളാകാതെ നല്ല പൗരന്മാരായി ജീവിച്ചു മരിക്കണമെന്ന് കരുതുന്നവരുടെയെല്ലാം മനസിൽ ഈയിടെയായി മിന്നിമറയുന്ന ആഗ്രഹമാണിത്. അറിവില്ലാപ്പൈതങ്ങളെ തുറുങ്കിലടയ്ക്കാതിരിക്കാനെങ്കിലും ഈ നടപടി കൊണ്ട് കഴിയും. രാജ്യദ്രോഹിയായി സംശയിക്കപ്പെടാൻ ആർക്കാണ് ആഗ്രഹം?