
തിരുവനന്തപുരം:അനുകൂലമായ തീരുമാനം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിൽ സമരത്തിന്റെ രൂപവും ഭാവവും മാറുമെന്ന് സി പി ഒ റാങ്ക് പട്ടികയിലെ ഉദ്യോഗാർത്ഥികളുടെ മുന്നറിയിപ്പ്. 2020 ജൂണിൽ കാലാവധി കഴിഞ്ഞ സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് പുനർജീവിപ്പിക്കാനാവില്ലെന്ന് ഇന്നല മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടന്നാണ് സമരം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചത്.
'സി പി ഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാനാവില്ലെന്ന് സർക്കാർ പഞ്ഞപ്പോൾ ഓരോ ഉദ്യോഗാർത്ഥിയുടെയും രക്തം തിളയ്ക്കുകയായിരുന്നു. അതുകൊണ്ടുതന്നെ സമരത്തിന്റെ രൂപവും ഭാവവും മാറും. ഇത്രയും നാൾ ഞങ്ങൾ മുട്ടുകുത്തിയും റോഡിൽ ശയന പ്രദിക്ഷണം ചെയ്തുമാണ് സമരം നടത്തിയത്. ഇനി ആ സമരത്തിന്റെ ഗതിമാറും. നട്ടെല്ല് നിവർത്തി സമരം ചെയ്യാനാണ് തീരുമാനം. സർക്കാർ ഓരോതവണ അവഗണിക്കുമ്പാേഴും ഞങ്ങളിലെ എനർജി കൂടുകയാണ്. ഞങ്ങൾക്ക് എല്ലാവിധ പിന്തുണയുമുണ്ട്. ചിന്താശേഷിയുളള കേരളം മുഴുവൻ ഞങ്ങളാേടൊപ്പമുണ്ട്. അങ്ങനെയുളളപ്പോൾ ഒരിക്കലും ഞങ്ങൾ പിന്തിരിഞ്ഞ് ഓടേണ്ടതില്ല. അതിനാൽ ഇന്നുമുതൽ തന്നെ സമരത്തിന്റെ എല്ലാഗതികളും മാറും. കുറച്ചുപേർ നിരാഹാരമിരിക്കുകയാണ്. ഇതുവരെ അവരെ ഭരണപക്ഷത്തുളള ഒരാൾപോലും വന്നുകണ്ടിട്ടില്ല'- ഉദ്യോഗാർത്ഥിയായ ഷിയാസ് പറഞ്ഞു.
യുണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികൾ ലിസ്റ്റിൽ കടന്നുകൂടിയതിന്റെ പേരിൽ കുറച്ചുനാൾ മരവിപ്പിച്ചതിനാലും കൊവിഡ് കാരണം നിയമനം നടക്കാത്തതിനാലും റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നാണ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ ആവശ്യം. ഈ ആവശ്യവുമായി അവർ ദിവസങ്ങളായി സമരത്തിലാണ്.