emmanuel-macron-

പാരീസ്: ദേശീയ ഐക്യത്തിന് ഭീഷണിയാണെന്ന് സർക്കാർ ആരോപിക്കുന്ന തീവ്ര ഇസ്ലാമിനെ പ്രതിരോധിക്കാനായി കൊണ്ടുവന്ന ബില്ലിന് ഫ്രാൻസിന്റെ ദേശീയ അസംബ്ലി അംഗീകാരം നൽകി. നിയമനിർമ്മാണം ഏതെങ്കിലും പ്രത്യേക മതത്തെ ലക്ഷ്യംവച്ചല്ലെന്നും, നിർബന്ധിത വിവാഹം, കന്യകാത്വ പരിശോധന തുടങ്ങിയ നടപടികളെയാണ് എതിർക്കുന്നതെന്നുമാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.


കുട്ടികളെ മുഖ്യധാരാ സ്‌കൂളുകൾക്ക് പുറത്ത് പഠിപ്പിക്കുന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ കർശന നിയന്ത്രണങ്ങളാണ് രാജ്യത്ത് നടപ്പാക്കുക. കൂടാതെ മതസംഘടനകളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യും. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നവരെ പ്രതിരോധിക്കാനാണ് നിയമമെന്നാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞത്. അതേസമയം നിയമം ഫ്രാന്‍സിലെ മുസ്ലീങ്ങളോട് കാണിക്കുന്ന വിവേചനമാണെന്ന് ആരോപിച്ച് മനുഷ്യാവകാശ സംഘടനകൾ നേരത്തെ രംഗത്തെത്തിയിരുന്നു. രാജ്യത്ത് ഏകദേശം അഞ്ച് ദശലക്ഷം മുസ്ലീങ്ങളുണ്ട്.

2020 ഒക്ടോബര്‍ 16 ന് മതനിന്ദ ആരോപിച്ച് സാമുവല്‍ പാറ്റി എന്ന അദ്ധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ക്ലാസിനിടെ പ്രവാചകന്‍ മുഹമ്മദിന്റെ പടം കാണിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമായി താന്‍ പ്രവാചകന്‍ മുഹമ്മദിന്റെ ചിത്രം കാണിക്കുകയാണെന്നും, മതപരമായി പ്രശ്‌നമുളളവര്‍ക്ക് ക്ലാസില്‍നിന്ന് പോകാമെന്നും പറഞ്ഞതിന് ശേഷമാണ് അദ്ദേഹം ചിത്രം പ്രദര്‍ശിപ്പിച്ചത്. കൗമാരക്കാരനാണ് അദ്ധ്യാപകനെ കൊലപ്പെടുത്തിയത്. ഈ സംഭവത്തോടെയാണ് ഫ്രാൻസ് നടപടി കടുപ്പിച്ചത്.