
അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡൻ തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ചരിത്രത്തിലില്ലാത്ത പ്രതിഷേധങ്ങളാണ് ട്രംപ് അനുകൂലികൾ നടത്തിയത്. ബൈഡനെ അടുത്ത പ്രസിഡന്റായി പ്രഖ്യാപിക്കുവാൻ ചേർന്ന ജനപ്രതിനിധികളുടെ യോഗം ട്രംപ് അനുകൂലികൾ തടസപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് വൻ സുരക്ഷ സന്നാഹങ്ങളാണ് ബൈഡന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ ഏർപ്പെടുത്തിയിരുന്നത്. അതേസമയം അമേരിക്കയിൽ അരങ്ങേറിയ അക്രമ സംഭവങ്ങളുടേ പേരിൽ ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടികൾ ആരംഭിക്കുകയും ചെയ്തു. എന്നാൽ സെനറ്റിൽ ഇംപീച്ച് ചെയ്ത് ശിക്ഷവിധിക്കാനുള്ള ശ്രമം പാളിയതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള സംശയങ്ങൾ വീണ്ടും ഉയരുകയാണ്.
പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഒരു പൊറാട്ടുനാടകമായിരുന്നു എന്ന സൂചനയാണ് പുറത്ത് വരുന്നത്.ചൈനയെ ശരിക്കും മനസിലാക്കി പ്രതികരണങ്ങൾ നടത്തിയ രാജ്യതലവനായിരുന്നു ട്രംപ്. അമേരിക്കയുടെ രക്തം കുടിച്ച് വളർന്ന ചൈനയുടെ നീക്കങ്ങൾ ശരിക്കും ലോകത്തിന് മുന്നിൽ തുറന്നുകാട്ടാൻ ധൈര്യം കാണിച്ച ട്രംപ് ഇന്ത്യയുടെ ഉറ്റസുഹൃത്ത് കൂടിയായിരുന്നു. അമേരിക്കയിൽ ഇതുവരെ നടന്നിട്ടുള്ള തിരഞ്ഞെടുപ്പുകളും, തിരഞ്ഞെടുപ്പ് സംവിധാനങ്ങളുടെ പാളിച്ചകളെയും കുറിച്ച് മധുനായർ എഴുതിയ ലേഖനം വായിക്കാം.
ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്ത് ശിക്ഷവിധിക്കാനുള്ള സെനറ്റ് ശ്രമം പാളിയതോടെ ലോകത്തിലെ ഏറ്റവും പ്രബലമായ ജനാധിപത്യ രാഷ്ട്രത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഒരു പൊറാട്ടുനാടകത്തിന്റെ ലക്ഷണങ്ങളാണ് കാണികൾക്ക് പകരുന്നത്. ഇത് ആദ്യമല്ല അവിടെ പൊതുതിരഞ്ഞെടുപ്പു വിവാദമാകുന്നത്. അമേരിക്കൻ ഐക്യനാടുകളുടെ പിറവിയെതുടർന്നുള്ള അരനൂറ്റാണ്ടുകാലം പൊതുതിരഞ്ഞെടുപ്പ് അവിടെ പ്രഹസനം മാത്രമായിരുന്നു. ഇന്നത്തെ റിപ്പബ്ലിക്കൻ പാർട്ടിയുടെ ആദിരൂപമായ ജി.ഒ.പി, അഥവാ ഗ്രാൻഡ് ഓൾഡ് പാർട്ടിയാണ് അക്കാലമൊക്കെ അധികാരം കൈയാളിയിരുന്നത്. പ്രതിപക്ഷമെന്നത് പേരിനുമാത്രമാണ് നിലനിന്നിരുന്നത്. ഐക്യനാടുകളുടെ മൂന്നാമത്തെ പ്രസിഡന്റും ഭരണഘടനയുടെ ശില്പിയുമായ തോമസ് ജഫേഴ്സൺ ജി.ഒ.പി വിട്ട് ഡമോക്രാറ്റിക് പാർട്ടിക്ക് ബീജാവാപം നൽകിയെങ്കിലും തിരഞ്ഞെടുപ്പുകളിലെ കൃത്രിമത്വം തുടർന്നുകൊണ്ടേയിരുന്നു. തിരഞ്ഞെടുപ്പു നിയമങ്ങളിലെ കൊനഷ്ടുകൾ കാരണം ഒരു സ്ഥാനാർത്ഥി ഭൂരിപക്ഷം വോട്ടുകൾ നേടിയാലും വിജയം കൈവരിക്കാനൊകാത്ത അവസ്ഥയും പലതവണ ഉണ്ടായിട്ടുണ്ട്.
ഫെഡറലിസം അക്ഷരാർത്ഥത്തിൽ ഐക്യനാടുകളിൽ നിലനിൽക്കുന്നതിന്റെ പരാധീനതകളിലൊന്നാണ് തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സങ്കീർണത. ദേശത്തിനാകെ ഒരു ഇലക്ഷൻ കമ്മിഷൻ എന്നതാണ് ഒരു പോംവഴി. അതിനായി ഭരണഘടന ഭേദഗതി ചെയ്യേണ്ടിവരും. തിരഞ്ഞെടുപ്പു തീയതി കഴിഞ്ഞാലും പോസ്റ്റൽ വോട്ടുകൾ സ്വീകരിക്കുന്നത് അനുചിതമല്ലെന്നത് ലോകമെമ്പാടുമുളള ജനാധിപത്യ രാഷ്ട്രങ്ങളിലെ കീഴ്വഴക്കമാണ്. മിക്ക സംസ്ഥാനങ്ങളിലും ഇതു പാലിക്കപ്പെടുന്നില്ല എന്നതാണ് ട്രംപിന്റെ മുഖ്യപരാതി. അതിൽ കഴമ്പുണ്ടുതാനും. കമ്പ്യൂട്ടറിന്റെ തിരപ്പുറപ്പാടുണ്ടായ നാട്ടിൽ വേട്ടെണ്ണിത്തീർക്കാൻ ആഴ്ചകളോളം എടുക്കുന്നു എന്നത് അപലപനീയം തന്നെ.
ട്രംപിസം അമേരിക്കയെ രാക്ഷസലോകമാക്കി എന്നുള്ള ആഗോള മാദ്ധ്യമ പ്രചാരണം വസ്തുതാവിരുദ്ധമാണെന്നു ട്രംപ് ഭരണകാലത്ത് പലതവണ ആ നാട് സന്ദർശിച്ച ഈ ലേഖകൻ മനസിലാക്കുന്നു. ട്രംപിനെപ്പോലെ ഒരു നാട്യവുമില്ലാത്ത പച്ചയായൊരു മനുഷ്യൻ വൈറ്റ് ഹൗസിൽ ആദ്യമാണെത്തിയത്. ഇന്ത്യയോട് അദ്ദേഹം കാണിച്ച മമതയും കലർപ്പില്ലാത്തതാണ്. അമേരിക്കയുടെ ഏറ്റവും വലിയ മണ്ടത്തരം ചൈനയെ ലോകശക്തിയാക്കാൻ സഹായഹസ്തം
നീട്ടിയതാണെന്ന് അദ്ദേഹം പരസ്യമായി വിളിച്ചു പറഞ്ഞു. റിച്ചാർഡ് നിക്സൻ ചൈനയെ അംഗീകരിക്കും വരെ ചൈനയുടെ ധനശേഷി ശോചനീയമായിരുന്നല്ലോ. ചൈന ഉണ്ടാക്കിയ കോടാനുകോടികൾ അമേരിക്കൻ സൗഹൃദം മൂലമാണെന്നും മനസിലാക്കാൻ ട്രംപിന് സാമാന്യബുദ്ധി മാത്രം മതിയായി. ചൈനയുമായുള്ള വാണിജ്യ ഇടപാടുകൾ അമേരിക്കയെ കടക്കെണിയിലാക്കിയെന്നത് വെട്ടിത്തുറന്നു പറയുക മാത്രമല്ല ചൈനയെ സാമ്പത്തിക ശത്രുരാജ്യമായി പ്രഖ്യാപിക്കുകയും ചെയ്തു പ്രസിഡന്റ് ട്രംപ്. കൊവിഡിന്റെ ഉറവിടം ചൈനയാണെന്നറിഞ്ഞപ്പോൾ ശകാരവാക്കുകൾക്ക് ശൗര്യം കൂടി. ചൈനയെ നിലയ്ക്കുനിറുത്താൻ ബൈഡൻ എത്ര ദൂരം പോകുമെന്നത് കണ്ടറിയണം.
ട്രംപിസത്തിന് പ്രതിലോമമാനം ചാർത്തുമ്പോൾ അദ്ദേഹത്തിന് വോട്ടുചെയ്ത എട്ടരക്കോടിയോളം അമേരിക്കക്കാർ പിന്തിരിപ്പന്മാരാണെന്ന് മുദ്രകുത്തുന്നത് അപലപനീയം തന്നെ. വോട്ടർമാരിൽ നല്ലൊരു പങ്ക് നീഗ്രോ വംശജരും ഹിസ്പാനിക്ക് ന്യൂനപക്ഷക്കാരും ഉണ്ടെന്നറിയുമ്പോൾ ട്രംപിനെ വർഗീയവാദിയെന്ന ലേബൽ ചാർത്തുന്നതിലെ ഇരട്ടത്താപ്പ് പുറത്താകും. അര നീഗ്രോയായിരുന്ന പ്രസിഡന്റ് ബരാക് ഒബാമ നീഗ്രോ വംശജർക്കുവേണ്ടി പരോക്ഷമായി ഒന്നും ചെയ്തിരുന്നില്ല, എന്നാൽ ട്രംപിന്റെ ഇക്കാര്യത്തിലെ നിലപാട് അദ്ദേഹം ഒരിക്കലും വർഗീയ വാദിയായിരുന്നില്ല എന്നു തെളിയിക്കുന്നു. അന്തിമവിശകലനത്തിൽ അമേരിക്ക എന്താണോ എന്നതിന്റെസത്യസന്ധമായ പ്രതിനിധിയായിരുന്നു ട്രംപ്.
കൊവിഡ് രോഗപ്രതിരോധത്തിൽ വരുത്തിയ വീഴ്ചയാണ് ട്രംപിന്റെ പരാജയത്തിന് കാരണമെന്ന് ലോകമാദ്ധ്യമങ്ങൾ കണ്ടെത്തിയിരിക്കുന്നു. ഇതു ശരിയാണെങ്കിൽ യൂറോപ്പിലാകെയുള്ള ഭരണാധികാരികളുടെ സ്ഥാനങ്ങൾ തെറിക്കുമായിരുന്നില്ലേ? കൊവിഡ് പ്രതിരോധത്തിൽ ട്രംപ് പ്രകടിപ്പിച്ച വിചാരധാരയായിരുന്നു യുക്തിഭദ്രം എന്ന വിശ്വാസത്തിലാണ് ഈ ലേഖകനും. മറ്റേതൊരു മഹാമാരിയെയും പോലെ കൊവിഡിനേയും നേരിടേണ്ടിയിരുന്നു. കൊവിഡ് കാരണം പലരാഷ്ട്രങ്ങളിലെയും സമ്പദ് വ്യവസ്ഥ തകർന്നു തരിപ്പണമായപ്പോൾ ട്രംപ് അമേരിക്കയുടെ ഖജനാവ് കണ്ണിലെണ്ണയിട്ട് കാപ്പാത്തി എന്നത് ചില്ലറ കാര്യമല്ല.
പ്രസിഡന്റ് ട്രംപ് വിടുവായനായിരുന്നു, അമേരിക്കയുടെ കൃത്രിമ ആഢ്യതയോട് അദ്ദേഹത്തിന് പുച്ഛമായിരുന്നു. വൈറ്റ് ഹൗസിലെ കാലഹരണപ്പെട്ട ആചാരങ്ങളോട് ആദ്ദേഹത്തിന് യോജിപ്പില്ലായിരുന്നു, സ്ത്രീകളെ തുല്യരായി കാണാത്ത ആഗോള പുരുഷമനോഭാവം ഒളിച്ചുവയ്ക്കാത്ത വ്യക്തിയായിരുന്നു, എന്നാൽ അദ്ദേഹം സ്ത്രീവിദ്വേഷി ആയിരുന്നില്ല, വർണവിവേചനം തൊട്ടു തീണ്ടിയിട്ടില്ലാത്ത ആളായിരുന്നു. കറുത്ത വർഗക്കാർക്കുവേണ്ടി മുതലക്കണ്ണീർ മാത്രം ഒഴുക്കാതെ കാര്യമായ സഹായങ്ങൾ ചെയ്ത പ്രസിഡന്റായിരുന്നു. അദ്ദേഹത്തിന് ലഭിച്ച ആഫ്രിക്കൻ അമേരിക്കക്കാരുടെ വോട്ടുകൾ ഇക്കാര്യം സാധൂകരിക്കുന്നു.
ജനാധിപത്യത്തിന്റെ ഈറ്റില്ലം എന്ന് ഉദ്‌ഘോഷിക്കപ്പെടുന്ന ഐക്യനാടുകളുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ഭോഷത്തരങ്ങൾ ഒരു ഉളുപ്പുമില്ലാതെ വിളിച്ചു പറഞ്ഞയാളിനെ ചരിത്രം മാനിക്കുകതന്നെ ചെയ്യും. ക്യാപിറ്റൽ ഹില്ലിൽ നടന്ന അതിക്രമങ്ങൾ ട്രംപിന്റെ അനുമതിയോടെ ആയിരുന്നോ എന്നത് സംശയാസ്പദമാണ് എന്ന് അദ്ദേഹത്തെ കുറ്റവിമുക്തനായതിൽ നിന്നും തെളിയുന്നു. ട്രംപിന്റെ രക്തത്തിനുവേണ്ടി ദാഹിച്ചു നടക്കുന്ന ഹൗസ് സ്പീക്കർ നാൻസി പെലോസി സംഘടിപ്പിച്ച ആദ്യ ഇംപീച്ച്‌മെന്റ് പ്രഹസനം ഉണ്ടയില്ലാ വെടിയായത് പ്രതീക്ഷിച്ചതു തന്നെയാണ്. അവർ വീണ്ടും ആവർത്തിച്ച് വീറുകാണിച്ചതിലൂടെ നേടിയത് ട്രംപും. ട്രംപ് അനുകൂലികളെ എഴുതിത്തള്ളാൻ സമയമായിട്ടില്ല എന്നതാണ് വാസ്തവം.