k-phone

മാനവരാശിയുടെ ജീവിതപുരോഗതി അവിശ്വസനീയമാം വിധം ത്വരിതപ്പെടുത്തിയ വ്യവസായ വിപ്ലവം നാലാംഘട്ടത്തിൽ എത്തിനിൽക്കുകയാണ്. ഡിജിറ്റലൈസേഷനിൽ അധിഷ്ഠിതമായ നാലാം വ്യവസായ വിപ്ലവത്തിൽ വികസിതരാജ്യങ്ങൾ വൻകുതിപ്പ് നടത്തുമ്പോൾ ഡിജിറ്റൽ ഡിവൈഡിന്റെ ഗർത്തത്തിന് ഇപ്പുറത്ത് പകച്ചുനിൽക്കുകയാണ് മിക്കവാറും എല്ലാ വികസ്വര രാഷ്ട്രങ്ങളും, ഒപ്പം ഇന്ത്യയും. വേൾഡ് ഇക്കണോമിക്‌ ഫോറം പുറത്തുവിട്ട ഏറ്റവും പുതിയ 'നെറ്റ് വർക്ക് റെഡിനെസ് ഇൻഡക്‌സി 'ൽ ഇന്ത്യയുടെ റാങ്ക് 139 രാജ്യങ്ങൾക്കിടയിൽ 91 ആണെന്ന കാര്യം മാത്രം ഓർത്താൽ വ്യക്തമാകും ഡിജിറ്റലൈസേഷനിൽ നാം എത്രയേറെ പിന്നിലാണെന്ന്. ഇവിടെയാണ് ഒരു സംസ്ഥാനം ഇന്റർനെറ്റ്, പൗരന്മാരുടെ അവകാശമായി പ്രഖ്യാപിക്കുന്നതും, കെ-ഫോൺ എന്ന നെറ്റ് വർക്കിംഗ് സംവിധാനം യാഥാർത്ഥ്യമാക്കുന്നതും.

ഇന്റർനെറ്റ് - വരവും വളർച്ചയും
2020 ഡിസംബർ 31 ലെ കണക്കനുസരിച്ച്‌ ലോകജനതയിൽ 495 കോടി പേർ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരാണ്. ഇന്ത്യയുടെ കാര്യമെടുത്താൽ 2007 ൽ ഇന്റർനെറ്റ് ഉപഭോക്താക്കൾ കേവലം നാല് ശതമാനം ആയിരുന്നെങ്കിൽ 2020 ൽ അത് 68.7കോടിയായി ഉയർന്നു. അതായത്, സജീവ ഇന്റർനെറ്റ് ഉപഭോക്താക്കളുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണിന്ന്. ആകെ ജനസംഖ്യയിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം സൂചിപ്പിക്കുന്ന 'ഇന്റർനെറ്റ് പെനിട്രേഷൻ റേറ്റ് ' ഇന്ത്യയിൽ ഏറ്റവുമധികം സ്വാഭാവികമായും രാജ്യതലസ്ഥാനമായ ഡൽഹിയിൽ തന്നെ (69ശതമാനം ). എന്നാൽ 54 ശതമാനം ഇന്റർനെറ്റ് പെനിട്രേഷൻ റേറ്റ് ഉള്ള കേരളം രണ്ടാം സ്ഥാനത്തുണ്ട് (സ്റ്റാറ്റിസ്റ്റ, 2021).
ഇന്റർനെറ്റ്‌ സേവനദാതാക്കളിലേക്ക് വന്നാൽ ഇന്ത്യയിലെ 358 (2019 ഡിസംബർ 31)പേരുടെ ലിസ്റ്റിൽ മുഖ്യധാരയിൽ റിലയൻസ്, എയർടെൽ, വി (വോഡാഫോൺ-ഐഡിയ), ബി.എസ്.എൻ.എൽ ഉൾപ്പെടെ എല്ലാ ഇന്റർനെറ്റ്‌ സേവന ദാതാക്കളും ലാഭത്തിൽ അധിഷ്‌ഠിതമായി പ്രവർത്തിക്കുന്നവരാണ് എന്നതാണ് വസ്തുത. കമ്പോളാധിഷ്ഠിത സേവനം ഉപഭോക്താവിന്റെ താത്‌പര്യത്തിനപ്പുറം കീശയുടെ കനമാകും നോട്ടമിടുക എന്നത് വ്യക്തമാണല്ലോ. അതിനാൽത്തന്നെ, അവരുടെ നെറ്റ് വർക്ക് പാവപ്പെട്ടവരുടെ വീടുകളിലേക്ക് എത്തുകയില്ലെന്ന് മാത്രവുമല്ല, ഡിജിറ്റൽ ഡിവൈഡ് കുറയ്‌ക്കുകയുമില്ല. ഇവിടെയാണ് രാഷ്ട്രീയത്തിനപ്പുറം കേരളത്തിന്റെ കെ - ഫോൺ ചർച്ചകളിൽ ഇടം നേടുന്നതും, പ്രസക്തമാകുന്നതും.


കെ-ഫോൺ
കെ - ഫോണിന്റെ ഒന്നാംഘട്ടം പൂർത്തിയായിക്കഴിഞ്ഞു. 2017 മേയ് മാസത്തിൽ അംഗീകാരം ലഭിച്ച 1548 കോടിയുടെ പദ്ധതിയാണിത്. കെ.എസ്.ഇ.ബി യും കേരളസ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചറുംചേർന്നാണ് നടപ്പിലാക്കുന്നത്. സംസ്ഥാനത്തുടനീളം അതിവേഗ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്ന പദ്ധതി ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ, പ്രത്യേകിച്ച് ഗ്രാമങ്ങളിൽ, വിപ്ലവകരമായ കുതിച്ചുചാട്ടത്തിന് തുടക്കമിടും. ആദ്യഘട്ടത്തിൽ ഏഴ് ജില്ലകളിലെ 1000ത്തോളം സർക്കാർ സ്ഥാപനങ്ങൾക്ക് കണക്ടിവിറ്റി നൽകുന്നതോടെ ഇ-ഗവേണൻസിലും കാതലായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കും. നിലവിൽ വിരലിലെണ്ണാവുന്ന സർക്കാർ സ്ഥാപനങ്ങളിൽ മാത്രം എത്തിച്ചേർന്നിട്ടുള്ള ഫൈബർ നെറ്റ് വർക്ക്, കെ-ഫോൺ എത്തുമ്പോൾ, 2021 ജൂലായോടെ 30,000 സർക്കാർ സ്ഥാപനങ്ങളിലേക്ക് വ്യാപിക്കും. ഇത് സർക്കാർസേവന രംഗത്ത് അതിവേഗത കൈവരുത്തുമെന്ന് പ്രതീക്ഷിക്കാം.
കെ-ഫോൺ ഒരു സേവന ദാതാവല്ല, മറിച്ച് 'വെണ്ടർ ന്യൂട്രൽ' ഫൈബർ നെറ്റ് വർക്കാണ്. അതിനാൽത്തന്നെ സേവന ദാതാക്കൾ എത്തിപ്പെടാത്ത ഇടങ്ങളിലൂടെയെല്ലാം സഞ്ചരിച്ച്, 52746 കിലോമീറ്റർ നെറ്റ് വർക്ക് ലക്ഷ്യമിടുകയും, അതുവഴി സേവനദാതാക്കളിൽ നിന്ന് പാട്ടം ഇനത്തിൽ ഖജനാവിലേക്ക് വരുമാനം കണ്ടെത്താനും കഴിയും. കെ-ഫോണിന്റെ വാണിജ്യ-സാമ്പത്തിക പ്രസക്തിക്കപ്പുറം എടുത്തുപറയേണ്ടത് അതിന്റെ സാമൂഹികപ്രതിബദ്ധത തന്നെയാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങൾക്ക് പുതിയ നെറ്റ് വർക്കിലൂടെ സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകാനാണ്‌ പ്രോജക്ട് ലക്ഷ്യമിടുന്നത്. കൊവിഡ് മഹാമാരി നമ്മുടെ വിദ്യാഭ്യാസ-ആശയവിനിമയ മേഖലകളിലെല്ലാം 'ന്യൂനോർമൽ' സൃഷ്ടിക്കുമ്പോൾ, ഇന്റർനെറ്റിന്റെ പ്രസക്തി ഏറെയാണ്. ഡിജിറ്റൽ ഡിവൈഡ് ഏറെയുള്ള നമ്മുടെ ഗ്രാമങ്ങളിലേക്ക് കെ-ഫോൺ വഴി അതിവേഗ ഇന്റർനെറ്റ് എത്തുമ്പോൾ അത് വരുത്തുന്ന വിപ്ലവകരമായ മാറ്റം അസാധാരണമാകുമെന്നുറപ്പ്.

ഇന്റർനെറ്റ് അവകാശമാകുമ്പോൾ
ഒരു സോഷ്യൽ നെറ്റ് വർക്ക് എന്ന നിലയിൽ ടിം ബെർണേഴ്‌സ് ലീ, 1989 ൽ ഇന്റർനെറ്റിന് അടിത്തറ പാകിയെങ്കിലും നാളിതുവരെ അതിനെയൊരു അവകാശമായി ലോകത്തെവിടെയെങ്കിലും പ്രഖ്യാപിച്ച് നടപ്പിൽ വരുത്തിയതായി കാണുന്നില്ല. 2016 ൽ ഐക്യരാഷ്ട്രസഭ ഇന്റർനെറ്റിനെ ഒരു മനുഷ്യാവകാശമായി പ്രഖ്യാപിച്ചപ്പോഴും അത്‌ കേവലം കടലാസിലൊതുങ്ങുകയും കാശുള്ളവരിലേക്ക് എത്തുകയും ചെയ്യുന്ന അവകാശമായി പരിമിതപ്പെട്ടു. അതിവേഗം വളരുന്ന ലോകത്ത്‌ ഡേറ്റയും ഇന്റർനെറ്റ് സൗകര്യങ്ങളും ഭാരിച്ചതാകുന്നിടത്താണ് കെ-ഫോണിലൂടെ ഇതാദ്യമായി ഒരു സർക്കാർ ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച് അതവരുടെ വീടുകളിലേക്ക് എത്തിക്കുന്നത്. ഇതൊരു വിപ്ലവകരമായ മാറ്റത്തിനാകും വരും നാളുകളിൽ തുടക്കമിടുക. പ്രത്യേകിച്ച്, 2015 ൽ ആരംഭിച്ച് 2030 ൽ നേടിയെടുക്കാനുദ്ദേശിച്ചുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (ഈ നേട്ടത്തിൽ ഇതിനോടകം കേരളം ഇന്ത്യയിൽ ഒന്നാമതാണെന്നോർക്കുമല്ലോ.) ഗുണനിലവാരമുള്ള വിദ്യാഭ്യാസവും, അടിസ്ഥാന സൗകര്യവികസനവും അസമത്വം കുറയ്ക്കലുമൊക്കെ ത്വരിതഗതിയിലാക്കാൻ കൂടി ഇന്റർനെറ്റ് അവകാശമാകുന്നതിലൂടെ സാധിക്കും.
ചുരുക്കത്തിൽ, വിവരസാങ്കേതിക രംഗത്ത് വിപ്ലവകരമായൊരു തുടക്കത്തിനാണ് കെ-ഫോൺ തുടക്കമിട്ടിരിക്കുന്നത്. വികസനം 'ഇൻക്ലൂസീവ്' (സർവ്വോൽകൃഷ്ടം) ആകണമെന്ന് ഭാവനാപരമായി ചിന്തിക്കുകയും, 'ഡിജിറ്റൽ ഇന്ത്യ' സ്വപ്നം കാണുകയും ചെയ്യുന്ന നാട്ടിൽ, പക്ഷേ, ഡിജിറ്റലൈസേഷൻ വേരുകൾ ഗ്രാമങ്ങളിലേക്കു കൂടി നീളണമല്ലോ. കെ-ഫോൺ തുടക്കമിട്ട ഈ അവകാശ വിപ്ലവം വരും നാളുകളിൽ രാജ്യത്തിനാകെ മാതൃകയാവട്ടെ.