
ഭരണത്തിൽ തിരിച്ചെത്താൻ പിന്നാക്കക്കാരെ ഒപ്പം നിറുത്തണം
അനിൽ ആന്റണിയും ചാണ്ടി ഉമ്മനും ശുപാർശപ്പട്ടികയിൽ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അധികാരത്തിൽ
തിരിച്ചെത്താൻ പിന്നാക്ക സമുദായങ്ങളെ ഒപ്പം നിറുത്തണമെന്നും കോൺഗ്രസിൽ 37 സീറ്റെങ്കിലും പിന്നാക്കക്കാർക്ക് നൽകണമെന്നും എ.ഐ.സി.സി രഹസ്യ സർവേ റിപ്പോർട്ടിൽ ശുപാർശ. തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ ഈഴവരുൾപ്പെടെ പിന്നാക്ക വിഭാഗങ്ങളെ വെട്ടിനിരത്തിയതിന്റെ ഫലമായി നേരിട്ട കനത്ത തിരിച്ചടി കൂടി കണക്കിലെടുത്താണ് ഇത്.
കോൺഗ്രസ് നേതാക്കളായ എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെയും ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടിഉമ്മന്റെയും പേരുകൾ ഉൾപ്പെട്ട ശുപാർശ പട്ടികയിൽ കെ.പി.സി.സി, യൂത്ത് കോൺഗ്രസ്, കെ.എസ്.യു, മഹിളാ കോൺഗ്രസ്, ഐ.എൻ.ടി.യു.സി പ്രസിഡന്റുമാരുമുണ്ട്. എ.ഐ.സി.സിയുടെ നേതൃത്വത്തിൽ കൊൽക്കത്ത, മുംബയ്, ബംഗളൂരു എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള മൂന്ന് ഏജൻസികളാണ് രഹസ്യസർവേ നടത്തിയത്.
നൂറ് മണ്ഡലങ്ങളിലും കോൺഗ്രസ് ടിക്കറ്റിൽ മത്സരിപ്പിക്കുന്നതിന് അനുയോജ്യരായ സ്ഥാനാർത്ഥികളുടെ പേരുകളും സമുദായം തിരിച്ചുള്ള കണക്കും റിപ്പോർട്ടിലുണ്ട്. ഗ്രൂപ്പ്, വ്യക്തി താത്പര്യങ്ങൾക്ക് അതീതമായി വിജയസാദ്ധ്യതയും പൊതു സ്വീകാര്യതയുമാണ് കണക്കിലെടുത്തത്. പാർട്ടിയുടെ വിവിധ തലങ്ങളിലെ ചർച്ചകൾക്കുശേഷമാവും പട്ടികയിൽ അന്തിമ തീരുമാനം.
2016 നിയമസഭാ തിരഞ്ഞെടുപ്പിൽ 87 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് 22 ഇടത്തു മാത്രമാണ് ജയിക്കാനായത്. ഈഴവ സമുദായത്തിനു നൽകിയത് 11 സീറ്റ്. ജയം ഒരു സീറ്റിൽ. ഇത്തവണ ഈഴവ സമുദായത്തിനു മാത്രമായി 32 സീറ്റ് നൽകാനാണ് ശുപാർശ. കോൺഗ്രസിന് ഇത്തവണ 90 മുതൽ 95 സീറ്റിൽ വരെ മത്സരിക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് 100 സീറ്റുകൾ സർവേക്ക് തിരഞ്ഞെടുത്തത്.
നിമിത്തമായത് കേരളകൗമുദി
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിലും സംഘടനാ തിരഞ്ഞെടുപ്പിലും
പിന്നാക്ക സമുദായങ്ങൾ നേരിട്ട കടുത്ത അവഗണന വരച്ചുകാട്ടുന്ന കേരളകൗമുദി റിപ്പോർട്ടുകളാണ്
കോൺഗ്രസ് ഹൈക്കമാൻഡിനെ സ്വാധീനിച്ചത്. ഇതു സംബന്ധിച്ച റിപ്പോർട്ടുകളുടെ
ഇംഗ്ലീഷ് പരിഭാഷയുടെ നൂറുകണക്കിന് പകർപ്പുകൾ ഇ-മെയിലായും സമൂഹ മാദ്ധ്യമങ്ങളിലൂടെയും സംസ്ഥാനത്ത് വ്യാപകമായി പ്രചരിച്ചതിനൊപ്പം, കോൺഗ്രസ് ഹൈക്കമാൻഡിലേക്കും പ്രവഹിച്ചിരുന്നു. തുടർന്ന്, കേരളത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവിനായി ഹൈക്കമാൻഡ് തയ്യാറാക്കിയ അജൻഡയിലും സംസ്ഥാന നേതാക്കളുമായി ഹൈക്കമാൻഡ് പ്രതിനിധികൾ നടത്തിയ ചർച്ചകളിലും ഇക്കാര്യവും ഉൾപ്പെടുത്തി. സംസ്ഥാനത്ത് രഹസ്യ സർവേക്ക് എ.ഐ.സി..സി നിയോഗിച്ച ഏജൻസികളെയും വിഷയം ധരിപ്പിച്ചു.