
ഉപഭോക്താക്കളെ ആകർഷിക്കാൻ പുതുപുത്തൻ വോയിസ് മെസേജ് ഫീച്ചറുമായി ട്വിറ്റർ. സുഹൃദ് വലയത്തിലുളള ഒരാൾക്ക് നേരിട്ട് ശബ്ദ സന്ദേശങ്ങൾ അയക്കുന്ന വോയിസ് മെസേജ് സംവിധാനമാണ് ട്വിറ്റർ കൊണ്ടുവരുന്നത്. ഘട്ടംഘട്ടമായാകും ഇത് ഇന്ത്യയിൽ അവതരിപ്പിക്കുക. ഇന്ത്യയ്‌ക്കൊപ്പം ബ്രസീൽ, ജപ്പാൻ എന്നീ രാജ്യങ്ങളിലും ഇന്നുമുതൽ ഈ സംവിധാനം നടപ്പാക്കി തുടങ്ങും. ഒരാൾക്ക് നേരിട്ട് വോയിസ് മെസേജ് നൽകുന്ന സംവിധാനമാണിത്. വോയിസ് ട്വീറ്റുകൾ പോലെ പരമാവധി 140 സെക്കന്റുകൾ നീണ്ടുനിൽക്കുന്നവയാണ് ഇവ. ആൻഡ്രോയിഡ് ഐഒഎസ് പ്ളാറ്റ്ഫോമുകളിൽ ഈ സംവിധാനം ലഭ്യമാകും.
മറ്റ് സമൂഹമാദ്ധ്യമങ്ങളിലെ പോലെ വളരെ ലളിതമായി ശബ്‌ദസന്ദേശങ്ങൾ കൈമാറാൻ വോയിസ് മെസേജിംഗിലൂടെ സാധിക്കും. വോയിസ് മെസേജിംഗ് ഐക്കണിൽ അമർത്തിയ ശേഷം സന്ദേശം അയച്ചാൽ മതിയാകും. അയക്കുന്നതിന് മുൻപ് പറഞ്ഞ സന്ദേശം കേൾക്കാനും കഴിയും. സന്ദേശം റിക്കോർഡ് ചെയ്യുന്നതിനിടെ പ്രസ് ആന്റ് ഹോൾഡ് ചെയ്യാനുളള സംവിധാനം ഐഒഎസ് ഉപഭോക്താക്കൾക്ക് ലഭിക്കും. സംസാരിച്ച ശേഷം സ്‌ക്രീൻ മുകളിലേക്ക് നീക്കിയാൽ സന്ദേശം അയക്കാം.
ആൻഡ്രോയിഡ്, ഐഒഎസ് പ്ളാറ്റ്ഫോം ഉപയോഗിക്കാത്തവർക്ക് ഏതെങ്കിലും വെബ് ബ്രൗസർ തുറന്നും സന്ദേശങ്ങൾ കേൾക്കാം. ഇന്ത്യ ട്വിറ്ററിന്റെ പ്രധാന മാർക്കറ്റിലൊന്നാണെന്നും അതിനാൽ പുതിയ ഫീച്ചറുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ എപ്പോഴും ട്വിറ്റർ ശ്രമിക്കുമെന്നും അതിന് ജനങ്ങൾ നൽകുന്ന പ്രതികരണത്തിലൂടെ തങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുമെന്നും ട്വിറ്റർ ഇന്ത്യ മാനേജിംഗ് ഡയറക്‌ടർ മനീഷ് മഹേശ്വരി അറിയിച്ചു.
കർഷകസമരത്തിന് അനുകൂലമായി ട്വീറ്റ് ചെയ്യുന്ന അക്കൗണ്ടുകൾ രാജ്യത്തിന് ആപത്താണെന്നും അവ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരും ട്വിറ്ററും തമ്മിലുണ്ടായിരുന്ന ഭിന്നതയും പിന്നീടുണ്ടായ സംഭവങ്ങളും ഇന്ത്യയിൽ കൂടുതൽ മികച്ച സേവനങ്ങൾ അവതരിപ്പിക്കാൻ ട്വിറ്ററിനെ പ്രേരിപ്പിച്ചിരിക്കുകയാണ്. ട്വീറ്റുകൾക്കൊപ്പമോ അല്ലാതെയോ വോയിസ് ട്വീറ്റുകൾ അയക്കാനുളള സംവിധാനവും കഴിഞ്ഞ ജൂണിൽ ട്വിറ്റർ അവതരിപ്പിച്ചിരുന്നു.