
നെടിയ മല കിഴക്കും നേരെഴാത്താഴി മേക്കും' പിന്നെ മലകളിൽ നിന്നുത്ഭവിക്കുന്ന നദികളും... കൂടാതെ കുളങ്ങളും തടാകങ്ങളും പാടങ്ങളുമെല്ലാം ചേർന്ന് ഏറ്റവുമധികം വെള്ളം നിറഞ്ഞ പ്രദേശങ്ങളുള്ള നാടാണ് നമ്മുടെ കേരളം. പേരാറും പെരിയാറും വേമ്പനാടു കായലും മലമ്പുഴയും ഏഴിമലയുമെല്ലാം നമ്മുടെ ജലസമ്പത്തും സൗന്ദര്യവും വിളിച്ചോതുന്ന പേരുകളാണ്.
കുട്ടിയായിരിക്കുമ്പോൾ വേമ്പനാടു കായലിലൂടെ ആലപ്പുഴയിൽ നിന്നു കോട്ടയത്തേക്കുള്ള ബോട്ടുയാത്ര വളരെ നീണ്ടതായി തോന്നിയിരുന്നു. അവധിക്കാലമായാൽ അച്ഛൻ ജോലി ചെയ്യുന്ന ആലപ്പുഴയിൽ നിന്ന് ലൈൻ ബോട്ടിലാണു കോട്ടയത്തേക്കുള്ള യാത്ര. അവിടെ നിന്ന് ബസിൽ പാലായ്ക്ക്. ചുറ്റും വെള്ളം മാത്രം കാണാവുന്ന ആ യാത്ര എപ്പോൾ അവസാനിക്കുമെന്ന് ഞാൻ അച്ഛനോടു ചോദിച്ചു കൊണ്ടേയിരിക്കും. പാലായിലെത്താനുള്ള തിടുക്കമാണ് മനസു നിറയെ. അതുകൊണ്ടു തന്നെ എത്രയും പെട്ടെന്നു ബോട്ടുയാത്ര തീരണമെന്നാണു മോഹം. ബോട്ടിൽ നിന്നു തള്ളി പുറത്തേക്കു പോകുന്ന വെള്ളം കാണുക, പടിയിൽ നിന്നു വെള്ളത്തിൽ തൊടുക, ബോട്ടിനുള്ളിൽ അങ്ങോളമിങ്ങോളം ഓടിനടക്കുക തുടങ്ങിയ ചെറിയ കുസൃതികളൊപ്പിച്ചു കഴിഞ്ഞും ഏറെ സമയം ബാക്കി. ചിലപ്പോൾ ചില സഹയാത്രികർ പാട്ടുപാടാനും കഥ പറയാനുമൊക്കെ ആവശ്യപ്പെടും. അതുകഴിഞ്ഞും സമയം ബാക്കി. ഞാൻ ചോദ്യം തുടങ്ങും…
'ബോട്ട് എപ്പോ കോട്ടയത്തെത്തും? അച്ഛൻ പറയും പുസ്തകത്തിൽ പഠിച്ച കവിതകളെല്ലാം ചൊല്ലൂ… അപ്പോഴെത്തിയേക്കാം' പക്ഷേ പിന്നെയും എത്തിയിട്ടില്ല. ചോദ്യമാവർത്തിക്കുമ്പോൾ അച്ഛൻ പറയും 'മോൾ ഒന്നുമുതൽ നൂറുവരെ എണ്ണുമ്പോഴെത്തുമോ എന്നു നോക്കാം" പിന്നെ നൂറു മുതൽ ഒന്നു വരെ… അങ്ങനെയങ്ങനെ കോട്ടയം ജെട്ടിയെത്തും. ആഫ്രിക്കൻ പായൽ നിറഞ്ഞ ജെട്ടിയിൽ ബോട്ടടുപ്പിക്കുന്ന തത്രപ്പാട്… എൻജിൻ നിറുത്തി, വലിയ മുളകൊണ്ടുള്ള അഭ്യാസത്തിൽ ഒടുവിൽ ബോട്ട് ജെട്ടിയിലടുത്ത് കയറിട്ടു കെട്ടിയിടും. ഇതൊക്കെ ശ്രദ്ധയോടെ ഞാൻ നോക്കിയിരിക്കും. പിന്നെ ബോട്ടിൽ നിന്നു ജെട്ടിയിലേക്കുള്ള ചാട്ടം! ആഹാ… കോട്ടയമെത്തി. എന്തൊരു സന്തോഷം. ഇതിനിടെ ഫ്ളാസ്കിൽ നിറച്ച് അമ്മ കരുതിയിരിക്കുന്ന ഹോർലിക്സ് മാത്രമാണ് കഴിച്ചിരിയ്ക്കുക. അതുകൊണ്ട് നല്ല വിശപ്പുണ്ടാകാം. കോട്ടയത്ത് റസ്റ്റ് ഹൗസിലേക്ക് നല്ല ഒരു കയറ്റമാണ്. അവിടെ കയറി ഇഡ്ഡലി കഴിച്ച് ബസ്റ്റാൻഡിലേക്കുള്ള യാത്ര. എന്തൊരുത്സാഹമാണ്! ബസ് യാത്ര കുറച്ചു സമയം മാത്രമുള്ളതുകൊണ്ടും ബസ് വേഗത്തിൽ പോകുന്നതു കൊണ്ടും ബോറായി തോന്നാറില്ല. പാലായിലെ വീട്ടിൽ ബന്ധുക്കൾ എല്ലാവരും ഞങ്ങളുടെ വരവ് കാത്ത് അക്ഷമരായി ഇരിക്കുന്നുണ്ടാവും. എങ്ങാനും ബസോ ബോട്ടോ താമസിച്ചാൽ അതൊക്കെ വിസ്തരിച്ചു പലവട്ടം പറയേണ്ടിവരും.
ആ കൂടിച്ചേരലുകളുടെ ആഹ്ലാദം എത്രയായിരുന്നു! പകൽ മുഴുവനും അവസാനിക്കാത്ത കളികൾ… ആറ്റിൽ ചാട്ടം… രാത്രി അവസാനിക്കാത്ത കഥകൾ… ഓരോരുത്തരുടേയും കൂട്ടുകാരേയും സ്കൂളിനെക്കുറിച്ചുമൊക്കെയുമുള്ള കഥകൾ... ഒടുവിൽ മുതിർന്നവർ വന്ന് കുട്ടികളെ ഓരോരുത്തരെയായി ഉറക്കാനായി പിടിച്ചു കൊണ്ടു പോകുന്നതുവരെ തുടരും ഞങ്ങൾ കുട്ടികളുടെ കളിതമാശകൾ… നിറുത്താനാവാത്ത പൊട്ടിച്ചിരികൾ…
ഇന്നു കുട്ടികൾ ലോകത്തെവിടെയുമുള്ള കാര്യങ്ങൾ നിരന്തരം ടി.വി.യിലും മൊബൈലിലുമൊക്കെ കണ്ടുകൊണ്ടിരിയ്ക്കുന്നു. അവധിക്കാലത്തെ യാത്രയെക്കുറിച്ച് സ്വപ്നം കാണുന്നതു തന്നെ ഞങ്ങൾ കുട്ടികളായിരിക്കുമ്പോൾ എന്തു സന്തോഷമാണുളവാക്കിയിരുന്നത്. മതിമറന്നാഹ്ലാദിക്കുന്ന ഇത്തരം എന്തെങ്കിലും കാര്യങ്ങൾ ഇന്നത്തെ കുട്ടികൾക്കുണ്ടോ എന്നു സംശയമാണ്. എന്റെ കുട്ടിക്കാലത്തെ നീണ്ട ബോട്ടുയാത്രയിൽ ബോട്ടിനുള്ളിലും പുറത്തുമുള്ള ഓരോ ചലനവും എത്രയാവർത്തി ഞാൻ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടു തന്നെ ആ ചിത്രങ്ങൾ അന്നത്തെ പോലെ ഇന്നും മനസിൽ തെളിയുന്നു. അന്ന് ഒപ്പം യാത്ര ചെയ്യവേ എന്നെക്കൊണ്ടു കവിത ചൊല്ലിച്ച ഏതോ ഒരു അമ്മാവന്റെ മുഖം പോലും ഇന്നും എനിക്ക് ഓർമ്മയുണ്ട്. ഇന്റർനെറ്റിന്റെ ഇക്കാലത്ത് ഏതെങ്കിലുമൊരു കാര്യത്തിൽ അഞ്ചു മിനിറ്റിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കാൻ കുട്ടികൾക്കാവുമെന്നു തോന്നുന്നില്ല. ഒരേ സമയം നമ്മുടെ ശ്രദ്ധയിൽ പലകാര്യങ്ങൾ വരുന്ന തിനാൽ മിഴിവോടെ ഒന്നും തന്നെ മനസ്സിൽ പതിയുന്നില്ല. സ്ഥായിയായി ഒന്നും തന്നെ മനസിൽ നില്ക്കാത്ത തലമുറയായി ഇന്നത്തെ തലമുറ മാറിയാൽ അദ്ഭുതപ്പെടാനൊന്നുമില്ല. കൊവിഡ് കാലത്ത് ഇന്റർനെറ്റിന് അടിമകളായി മാറിയ ഒട്ടനേകം കുട്ടികളെ യാഥാർത്ഥ്യങ്ങളുടെ ലോകത്ത് തിരിച്ചെത്തിക്കുക വളരെ ശ്രമകരമായ ജോലിയായിരിക്കും.
കുട്ടിക്കാലത്തു തന്നെ നീന്തൽ പഠിച്ചത് വലിയ ആത്മവിശ്വാസമാണ് എനിക്കു നൽകിയത്. കേരളം പോലെ ഇത്രയധികം ജലരാശികളുള്ള നാട്ടിൽ ഓരോ കുട്ടിയും നീന്തൽ പഠിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. കഴിഞ്ഞ ദിവസം പാലക്കാട് കുനിശ്ശേരിയിൽ മൂന്നു കുട്ടികൾ വെള്ളത്തിൽ മുങ്ങി മരിച്ചത് വലിയ വേദനയായി നമ്മുടെയൊക്കെ മനസിലുണ്ട്. ഫയർ ആൻഡ് റസ്ക്യൂ ഡിപ്പാർട്ട്മെന്റിന്റെ ജലസുരക്ഷാ അക്കാദമിയുടെ പ്രവർത്തനം ആരംഭിക്കുകയാണ്. ഒപ്പം തന്നെ കേരളത്തിലങ്ങോളമിങ്ങോളം നൂറു ജലാശയങ്ങളുടെ കടവുകളിൽ ജലസുരക്ഷാ പരിശീലനത്തിനും രക്ഷപ്പെടുത്താനും ഉപകാരപ്രദമാകുന്ന ചില ഉപകരണങ്ങൾ സൂക്ഷിക്കാനും പരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്ത്/ടൂറിസം വകുപ്പ് ഇവയുമൊക്കെയായി ചേർന്നാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ജലാശയങ്ങളിലിറങ്ങുമ്പോൾ ബാക്ക്പാക്ക് ബാഗുപോലെയുള്ള വെള്ളത്തിൽ പൊങ്ങിക്കിട ക്കാൻ സഹായിക്കുന്ന ഉപകരണമോ കുപ്പികൾ കൂട്ടിക്കെട്ടിയുണ്ടാക്കുന്ന ഫ്ളോട്ടോ ഒക്കെ ഉപയോഗിക്കാം.  സുരക്ഷാ ഉപകരണങ്ങളില്ലാതെ ആരും ജലാശയങ്ങളിലേക്കിറങ്ങാതെ ശ്രദ്ധിച്ചാൽ ഏറെ മുങ്ങിമരണങ്ങൾ ഒഴിവാക്കാം. ഒരു വർഷം രണ്ടായിരത്തോളം മുങ്ങിമരണങ്ങൾ സംഭവിക്കുന്ന നമ്മുടെ കേരളത്തിൽ ഇക്കാര്യങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്.