
തൃശൂർ : വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ പാർട്ടിക്ക് ജയിക്കാൻ നരേന്ദ്ര മോദി നടപ്പാക്കിയ പദ്ധതികൾ ജനങ്ങളിലെത്തിച്ചാൽ മാത്രം മതിയെന്ന് കേരളത്തിന്റെ ചുമതലയുള്ള ദേശീയ നേതാവ് പ്രൾഹാദ് ജോഷി. വിജയം നേടാൻ മറ്റൊന്നും പറയേണ്ട ആവശ്യം പോലുമില്ലെന്ന് പറഞ്ഞ അദ്ദേഹം പാർട്ടിക്ക് വിജയിക്കാനായില്ലെങ്കിൽ ഉത്തരവാദിത്തപ്പെട്ടവർ മറുപടി പറയേണ്ടിവരുമെന്ന മുന്നറിയിപ്പും നൽകി. നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബി ജെ പിയിലെ വിവിധ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രത്തിന്റെ സന്ദേശം അദ്ദേഹം കൈമാറിയത്. പാർട്ടി നൽകുന്ന ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ മടികാണിക്കുന്നവർ സംഘടനാ സംവിധാനത്തിലുണ്ടാവില്ലെന്ന ശക്തമായ മുന്നറിയിപ്പും അദ്ദേഹം നൽകി. അത്തരക്കാർക്ക് നേതൃത്വത്തിൽ നിന്നും ബൂത്തുതലത്തിലേക്ക് മടങ്ങാമെന്നും അദ്ദേഹം താക്കീത് ചെയ്തു.
ജനങ്ങളെ കാര്യങ്ങൾ പറഞ്ഞു ബോധവത്കരിക്കുന്നതിനായി പ്രാദേശിക തലത്തിൽ കൂടുതൽ ഇടപെടൽ നടത്തണമെന്ന് പറഞ്ഞ പ്രൾഹാദ് ജോഷി ശബരിമല വിഷയം വന്നപ്പോൾ സ്വീകരിച്ച നിലപാട് പോലെ ശക്തമായി ഇടപെടണമെന്നും ഓർമ്മിപ്പിച്ചു. ശബരിമല പ്രക്ഷോഭകാലത്ത് രാഹുൽ ഗാന്ധി മിണ്ടാതിരുന്നപ്പോൾ ബിജെപി ശക്തമായ നിലപാടെടുത്തു ഭക്തർക്കൊപ്പം അണിചേർന്നു. എന്നാൽ മോദി സർക്കാർ സാധാരണക്കാർക്കായി ചെയ്ത കാര്യങ്ങൾ കേരളത്തിൽ ജനങ്ങളിലേക്ക് എത്തിയില്ലെന്ന കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തു.
ഐടി സെൽ യോഗത്തിൽ പങ്കെടുക്കവേ പ്രൾഹാദ് ജോഷി സമൂഹമാദ്ധ്യമങ്ങളുപയോഗിച്ചുള്ള പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനാണ് നിർദ്ദേശം നൽകിയത്. പ്രാദേശിക നേതാക്കളുടെ യോഗത്തിൽ കടുത്ത ഭാഷയിലാണ് അദ്ദേഹം സംസാരിച്ചത്. കേരളത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയുടെ അദ്ധ്യക്ഷതയിൽ കൂടിയ സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ യോഗത്തിലാണ് കേന്ദ്രത്തിന്റെ സന്ദേശം അദ്ദേഹം പ്രധാനമായും വ്യക്തമാക്കിയത്. തുടർന്ന് തിരഞ്ഞെടുപ്പു മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിച്ചു. കെ. സുരേന്ദ്രനും ജോർജ് കുര്യനുമാണു കൺവീനർമാർ.