
ലോകത്തിലെ സമ്പന്നരുടെ പട്ടികയിൽ ടെസ്‌ല സിഇഒ ഇലോൺ മസ്‌കിന്റെ ഒന്നാം സ്ഥാനം നഷ്‌ടമായി. ഓഹരി വിപണിയിലെ ചാഞ്ചാട്ടമാണ് മസ്‌കിന്റെ ഒന്നാം സ്ഥാനം കൈവിട്ടുപോകാൻ കാരണം. രണ്ടാമനായിരുന്ന ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ഇതോടെ ഒന്നാമനായി.
കഴിഞ്ഞമാസമാണ് മൂന്ന് വർഷത്തോളമായി ഒന്നാംസ്ഥാനത്ത് തുടർന്ന ജെഫ് ബെസോസിനെ പിന്തളളി ഇലോൺ മസ്‌ക് ഒന്നാമതെത്തിയത്. 2020ൽ തന്റെ ഉടമസ്ഥതയിലുളള ടെസ്‌ലയുടെ ഇലക്‌ട്രിക് കാറുകൾ കൃത്യമായി വിതരണം ചെയ്‌തതിലൂടെയാണ് മസ്‌കിന്റെ ഓഹരി മൂല്യം കുതിച്ചുയർന്നത്. മസ്‌കിന്റെ ട്വീറ്റുകളിലൂടെ മാത്രം ഗേംസ്‌റ്റോപ് കോർപ്,എറ്റ്‌സി ഷോപ്പിഫൈ,സിഡി പ്രൊജെക്‌ട്എസ്എ, സിഗ്‌നൽ എന്നിവയുടെ ഓഹരി മൂല്യം വാൾസ്‌ട്രിറ്റിൽ കുതിച്ചുയർന്നിരുന്നു. ഓഹരിയിൽ മാത്രമല്ല ബിറ്റ്‌കൊയിൻ,ഡോഗികൊയിൻ എന്നീ ക്രിപ്‌റ്റോകറൻസികളുടെ മൂല്യവും മസ്‌കിന്റെ ട്വീറ്റ് മൂലം ഉയർന്നിരുന്നു.
എന്നാൽ ടെസ്‌ലയുടെ 2.4ശതമാനം ഓഹരിയിടിവ് ചൊവ്വാഴ്‌ച ഉണ്ടായതോടെ മസ്‌കിന് ജെഫ് ബെസോസിനെക്കാൾ 4.6 ബില്യൺ ഡോളർ ആസ്‌തിയിൽ കുറവ് വന്നു. 191.2 ബില്യൺ ഡോളർ ആസ്‌തിയുളള ബെസോസിനെക്കാൾ 995 മില്യൺ ഡോളർ ആസ്‌തി കുറവാണ് ഇലോൺ മസ്‌കിന് ഇപ്പോൾ. ഇതോടെ ധനികരുടെ പട്ടികയിൽ മസ്‌ക് രണ്ടാമനായി.
ആമസോൺ സിഇഒ പദവിയിൽ നിന്ന് ഈ വർഷം വിരമിക്കുമെന്നാണ് ജെഫ് ബെസോസ് അറിയിച്ചിരിക്കുന്നത്. തന്റെ സ്ഥാനം ആമസോൺ വെബ് സെർവീസസ് മേധാവിയായ ആന്റി ജെസിയ്‌ക്ക് ജെഫ് കൈമാറും. ഓൺലൈൻ ബുക്ക്സ്‌റ്റോറായി 1995ൽ ആരംഭിച്ച ആമസോൺ ഇപ്പോൾ 1.7 ട്രില്യൺ ആസ്ഥിയുളള കമ്പനിയാണ്.