
കേരള കോൺഗ്രസിലെ കഥാപാത്രങ്ങളെക്കുറിച്ച് നിരവധി കാർട്ടൂണുകൾ ഇതിനുമുമ്പും നിരവധി തവണ ചർച്ച ചെയ്തിട്ടുണ്ട്. ബാർ കോഴ വിവാദത്തെ തുടർന്ന് കെ.എം. മാണി യു.ഡി.എഫ് വിട്ടതും കെ.എം. മാണിയെ എൽ.ഡി.എഫിൽ എത്തിക്കാൻ നടത്തുന്ന ശ്രമങ്ങളും പിന്നീട് കെ.എം. മാണി യുഡിഎഫിലേക്ക് തിരിച്ചെത്തിയതും മാത്രമല്ല കെഎം മാണിയുടെ നിര്യാണത്തെത്തുടർന്ന് പി.ജെ. ജോസഫ്, ജോസ് വിഭാഗങ്ങൾ തമ്മിൽ നടന്ന തർക്കവും അതിന്റെ പല ഘട്ടങ്ങളിലായി ഒരുപാട് കാർട്ടൂണുകൾക്ക് വിഷയമായിട്ടുണ്ട്.
കെ.എം. മാണി എന്ന വൻമരത്തെ വെട്ടിവീഴ്ത്തി പി.ജെ. ജോസഫ് വിഭാഗത്തിന്റെ രണ്ടില മാത്രം യു.ഡി.എഫിൽ മതി എന്ന് തീരുമാനിക്കുന്ന യു.ഡി.എഫ് നേതാക്കളെയാണ് കടുംവെട്ട് എന്ന് കാർട്ടൂണിൽ ചിത്രീകരിച്ചത്. കെ.എം. മാണിയുടെ പാരമ്പര്യത്തെ തള്ളിപ്പറഞ്ഞുകൊണ്ട് . ജോസ് കെ. മാണിയെ യു.ഡി.എഫിൽ നിന്ന് പുറത്താക്കി
ജോസഫ് വിഭാഗത്തെ നിലനിർത്താനുള്ള തീരുമാനത്തിന് പിന്നാലെയായിരുന്നു ഇത്.
ജോസ് കെ. മാണിക്ക് എൽ.ഡി.എഫിൽ ഇടം നൽകുമെന്ന് ഇടതുപക്ഷ നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും സമ്മതിച്ചിരുന്ന കാലമായിരുന്നു അത്.
ഈ സംഭവങ്ങൾക്ക് ഒരു വർഷം മുമ്പ് മാണിയുടെ വിയോഗത്തെത്തുടർന്ന് ഒഴിവുവന്ന പാലാ സീറ്റിലെ നിർണായകമായ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി വിജയിക്കുകയും പാലാമണ്ഡലം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
പാർട്ടിയിലെ മൂപ്പിളമ തർക്കങ്ങൾക്ക് ഇടയിൽ രണ്ടില ചിഹ്നം പോലുമില്ലാതെ ആയിരുന്നു കേരള കോൺഗ്രസ് മാണി വിഭാഗം പാലായിൽ മത്സരിച്ചത്. രണ്ടില ചിഹ്നത്തിന്റെ അവകാശം പി.ജെ. ജോസഫിന് ആണെന്നും അത് തിരഞ്ഞെടുപ്പിൽ ജോസ് വിഭാഗത്തിന്റെ സ്ഥാനാർത്ഥിയ്ക്ക് വിട്ടുനൽകാൻ ആവുന്നു ആവില്ല എന്ന നിലപാട് ആയിരുന്നു അന്ന് ജോസഫ് വിഭാഗം കൈക്കൊണ്ടത്. തിരഞ്ഞെടുപ്പിൽ ഇതെല്ലാം തിരിച്ചടിയായി.തുടർച്ചയായി കെ എം മാണിയെ ജയിപ്പിച്ചിരുന്ന മണ്ഡലം ആദ്യമായി ഇടതുമുന്നണി പിടിച്ചെടുത്തു. അതും മറ്റൊരു മാണിയിലൂടെ എന്നതായിരുന്നു കൗതുകം. എൻസിപിയുടെ മാണി സി. കാപ്പൻ ആണ് ഇടതുമുന്നണിയ്ക്ക് അഭിമാനാർഹമായ വിജയം സമ്മാനിച്ചത്. പാലായെ മാത്രമല്ല മാണി സാറിനെയും ഞങ്ങൾ ഇങ്ങ് എടുക്കുകാ എന്ന് പറഞ്ഞ് മാണി സി. കാപ്പനെ ചുമലിലേറ്റി നീങ്ങുന്ന ഇടതുനേതാക്കളുടെ കാർട്ടൂണിലൂടെ ആണ് അന്ന് ഈ സംഭവം രേഖപ്പെടുത്തിയത്.
ഒരു കൊല്ലം കഴിഞ്ഞപ്പോൾ രണ്ടിലയുടെ അവകാശം ജോസ് കെ മാണിക്ക് കിട്ടി. ജോസ് കെ മാണി വിഭാഗത്തെ എൽ.ഡി.എഫിൽ ഉൾപ്പെടുത്തണമെന്ന് സി.പി. എം സെക്രട്ടറിയേറ്റ് തീരുമാനിച്ചു ജോസ് കെ മാണി എൽഡിഎഫിലേക്ക് വരുമ്പോൾ നിലവിൽ പാലാ എം.എൽ.എയും മാണി സി കാപ്പന്റെ നില പരുങ്ങലിൽ ആകും എന്ന് ഉറപ്പായിരുന്നു.
കോട്ടയത്തും സമീപ ജില്ലകളിലും നിർണായക സ്വാധീനമുള്ള ജോസ് കെ മാണി വിഭാഗത്തെ പ്രീതിപ്പെടുത്താനായി പാലാ മണ്ഡലം ജോസ് കെ. മാണിക്ക് നൽകുമെന്ന് അഭ്യൂഹങ്ങൾ ശക്തമായി.
കരയുന്ന കുഞ്ഞിന് പാലാ എന്ന കാർട്ടൂണിലൂടെ ആണ് ഈ സന്ദർഭം രേഖപ്പെടുത്തിയത്. എൽ.ഡി.എഫിലേക്ക് കരഞ്ഞുകൊണ്ട് കയറിവരുന്ന ജോസ് കെ. മാണിയ്ക്ക് സ്വന്തം ഭക്ഷണം വിട്ടു കൊടുക്കേണ്ടി വരുമോ എന്ന് ആശങ്കയിൽ നിൽക്കുന്ന മാണി സി. കാപ്പൻ ആയിരുന്നു കാർട്ടൂണിൽ.
തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണി വിഭാഗത്തിന്റെ സ്വാധീനം വളരെ പ്രകടമായി. കോട്ടയത്തും സമീപജില്ലകളിലും ചരിത്രത്തിലാദ്യമായി സി.പി.എമ്മിന് നിർണായക വിജയം നേടാനായി യു.ഡി.എഫ് കോട്ടകൾ തകർന്നു. ഇതേത്തുടർന്ന് ജോസ് കെ. മാണി വിഭാഗത്തിനെ എൽ.ഡി.എഫിൽ ഉൾപ്പെടുത്തുന്നതിൽ തുടക്കത്തിൽ എതിർപ്പു പ്രകടിപ്പിച്ചിരുന്ന സി.പി.ഐയുടെ പോലും സ്വരം അലിഞ്ഞില്ലാതെയായി.
പാല വിട്ടുകൊടുക്കാനാകില്ലെന്നും എൽ.ഡി.എഫ് വിടുമെന്നും മാണി സി. കാപ്പൻ കടുത്ത നിലപാടെടുത്തെങ്കിലും ചില വിട്ടുവീഴ്ചകൾ വേണ്ടിവരുമെന്നും അതാണ് മുന്നണി മര്യാദ എന്നുമുള്ള നിലപാടിൽ ശശീന്ദ്രൻ വിഭാഗം എൽ.ഡി.എഫിൽ തന്നെ ഉറച്ചുനിൽക്കുമെന്ന് ഉറപ്പായിരുന്നു. കേന്ദ്രനേതൃത്വവും കാപ്പന്റെ നിലപാടിനോട് അനുകൂല സമീപനം എടുക്കില്ല എന്ന് ഏറക്കുറെ വ്യക്തമായിരുന്നു.
ജയിച്ച സീറ്റ് തോറ്റ കക്ഷിക്ക് വിട്ടുകൊടുക്കുന്നതായിരുന്നു കാപ്പന്റെ സങ്കടം.അതൊന്നും ഗൗനിക്കാതെ.കാപ്പൻ പോകുന്നെങ്കിൽ പോകട്ടെ എന്നായിരുന്നു സി.പി.എമ്മിന്റെ ഭാവം. ജോസ് കെ. മാണിയെ കൂടെ നിർത്താൻ ആയിരുന്നു പിണറായിയ്ക്ക് താത്പര്യം. ഈ സന്ദർഭമാണ് പാലം കടക്കുവോളം എന്ന കാർട്ടൂണിന് വിഷയമായത്. പാലായിലേക്കുള്ള പാലം കടക്കുമ്പോൾ മാണി സി. കാപ്പനെ കയ്യൊഴിയുകയും ജോസ് കെ മാണിയെ പരാജയത്തിന്റെ പടുകുഴിയിൽ നിന്ന് കരകയറ്റുകയും ചെയ്യുന്ന പിണറായി ആണ് കാർട്ടൂണിൽ. ഈ തീരുമാനങ്ങൾക്ക് കുടപിടിക്കുന്ന എ.കെ. ശശീന്ദ്രൻ വിഭാഗത്തെയും കാണാം. കാപ്പനെ സന്തോഷപൂർവ്വം സ്വീകരിക്കാൻ യു.ഡി.എഫ് തയ്യാറായി. കാപ്പൻ തന്നെ പാലായിൽ സ്ഥാനാർത്ഥിയാകുമെന്ന് യു.ഡി.എഫ് നേതാക്കൾ പ്രഖ്യാപിച്ചു. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയിൽ കാപ്പൻ പങ്കെടുത്തു.
ഒരു വർഷം മുമ്പ് യു.ഡി.എഫിൽ ആയിരുന്ന ജോസ് കെ മാണി എൽ.ഡി.എഫിൽ എത്തുകയും എൽ.ഡി.എഫിലെ മാണി സി കാപ്പൻ യു.ഡി.എഫിലേക്ക് ചേക്കേറുകയും ചെയ്ത രസകരമായ സംഭവമായിരുന്നു ഇത്. നിർണായകമായ ഒരു തിരഞ്ഞെടുപ്പിന് പാലാമണ്ഡലം സാക്ഷ്യം വഹിക്കും എന്നുറപ്പാണ്. ഇതേ വിഷയത്തിൽ ഇനിയും ഒരു പാടുകൾക്ക് കാർട്ടൂണുകൾ ക്ക് വഴിതുറക്കും എന്നതും ഉറപ്പാണ്