punjab

അമൃത്സർ:പഞ്ചാബിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിൽ ബി ജെ പിയെ തൂത്തെറിഞ്ഞ് കോൺഗ്രസിന്റെ വൻ മുന്നേറ്റം. 109 മുൻസിപ്പൽ കൗൺസിൽ നഗർ പഞ്ചായത്തുകളിൽ 107ലും കോൺഗ്രസ് ലീഡുചെയ്യുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ടാം സ്ഥാനത്ത് ശിരോമണി അകാലിദളാണ്. ബി ജെ പി ചിത്രത്തിലേ ഇല്ലാത്ത അവസ്ഥയിലാണ്. എട്ട് മുൻസിപ്പൽ കോർപ്പറേഷനുകളിലെ 2302 വാർഡുകളിലേക്കും, 109 മുൻസിപ്പൽ കൗൺസിൽ നഗർ പഞ്ചായത്തുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട് അനുസരിച്ച് മൂന്ന് മുൻസിപ്പൽ കോർപ്പറേഷനുകളിൽ കോൺഗ്രസ് വിജയം ഉറപ്പിച്ചു കഴിഞ്ഞു. നാലെണ്ണത്തിൽ വ്യക്തമായ മുൻതൂക്കമുണ്ട്. മൊഹാലി കോർപ്പറേഷനിലെ ഫലം പ്രഖ്യാപിക്കുന്നത് നാളത്തേക്ക് മറ്റിയിട്ടുണ്ട്.


മിക്ക മുൻസിപ്പൽ കോർപ്പറേഷനുകളിലും വാർഡുകളിലും മുന്നിൽ നിൽക്കുന്നത് കോൺഗ്രസാണ്.മുൻബിജെപി മന്ത്രി ത്രിക്ഷൻ സൂദിന്റെ ഭാര്യ ഹോഷിയാർപൂരിൽ നിന്ന് തോറ്റു. മറ്റുചില പ്രമുഖരും പരാജയപ്പെട്ടിട്ടുണ്ട്.

കർഷക പ്രക്ഷോഭം ഏറ്റവും ശക്തമായ പഞ്ചാബിൽ ജനരോഷം തങ്ങൾക്കെതിരെ ഉണ്ടാവുമെന്ന് ബിജെപി ഭയന്നിരുന്നു. ഇത് കുറയ്ക്കാനുളള ശ്രമങ്ങളും പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. എന്നാൽ അതൊന്നും ഏശിയില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. തിരഞ്ഞെടുപ്പിൽ 71.39 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് പലയിടത്തും കോൺഗ്രസ് ബൂത്ത് പിടിച്ചെടുക്കൽ ഉൾപ്പടെയുളള അതിക്രമങ്ങൾ നടത്തിയതെന്ന് ബിജെപി തെരഞ്ഞെടുപ്പ് ദിവസം തന്നെ ആരോപിച്ചിരുന്നു. എന്നാൽ ഇതിനെ വിമർശിച്ച് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് രംഗത്തെത്തിയിരുന്നു. കർഷകനിയമങ്ങൾക്കെതിരെ പഞ്ചാബിലെ ജനം വിധിയെഴുതുന്ന തിരഞ്ഞെടുപ്പാകും ഇതെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് ശരിവയ്ക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ.