
മുംബയ്: ടൂൾ കിറ്റ് കേസിൽ മലയാളി അഭിഭാഷക നികിത ജേക്കബിനെ അറസ്റ്റ് ചെയ്‌താൽ ഉടൻ വിട്ടയക്കണമെന്ന് ബോംബെ ഹൈക്കോടതി. മൂന്നാഴ്‌ച നികിതയ്‌ക്ക് ഇടക്കാല ജാമ്യം കോടതി അനുവദിച്ചു. അക്രമമുണ്ടാക്കാനുളള ലക്ഷ്യം നികിതയ്‌ക്കില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.
നികിതയെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ ഇരുപത്തി അയ്യായിരം രൂപയുടെ വ്യക്തിഗത ജാമ്യത്തിലും തുല്യ തുകയ്‌ക്കുളള ആൾജാമ്യത്തിലും വിട്ടയക്കണമെന്നാണ് കോടതി നിർദ്ദേശം. ജാമ്യം നൽകുന്നതിനെതിരെ ഡൽഹി പൊലീസ് ഉയർത്തിയ വാദഗതികൾ തളളിയാണ് നടപടി. ഡൽഹിയിൽ രജിസ്റ്റർ ചെയ്‌ത കേസിൽ മുൻകൂർ ജാമ്യഹർജി പരിഗണിക്കാനുളള അധികാരം മുംബയ് കോടതിക്കില്ലെന്ന വാദവും തളളി.
കർഷക സമരവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ത്യൂൻബർഗിന് ട്വീറ്റ് ചെയ്യാൻ ടൂൾകിറ്റ് ഷെയർ ചെയ്‌തെന്ന കേസിലാണ് മുംബയിൽ അഭിഭാഷകയായ നികിതയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നികിത ജേക്കബിനും ശന്തനുവിനും പൊയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷൻ എന്ന ഖലിസ്ഥാൻ സംഘടനയുമായി ബന്ധമുണ്ടെന്ന് ഡൽഹി പൊലീസ് നേരത്തെ ആരോപിച്ചിരുന്നു. ഇതേ വാദമാണ് പൊലീസ് കോടതിയിലും ആവർത്തിച്ചത്. എന്നാൽ പൊലീസ് വാദം അംഗീകരിക്കാൻ കോടതി തയ്യാറായിരിന്നില്ല.