
ഉറക്കം നിയന്ത്രിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തോടെ രാത്രിയിൽ മണിക്കൂറുകളോളം വാഹനമോടിക്കുന്നവർ ശ്രദ്ധിക്കേണ്ട കുറേ കാര്യങ്ങളുണ്ട്. ഉറക്കത്തിനായി ശരീരം ആവശ്യപ്പെടുമ്പോൾ അതിനെ മറികടക്കാൻ ശ്രമിക്കുന്നതാണ് അപകടങ്ങൾക്കിടയാക്കുന്നത്. രാത്രികളിൽ നിരത്തുകളിലൂടെ അതിവേഗത്തിൽ ചീറിപ്പായും മുൻപ് ഉറക്കത്തിന്റെ ശാസ്ത്രീയത നമ്മളെല്ലാം അറിഞ്ഞിരിക്കണം. അർദ്ധരാത്രി മുതൽ പുലർച്ചെ അഞ്ചുവരെ ശരീരം ഉറങ്ങാനുള്ള പ്രവണത കാട്ടും. ഉച്ചത്തിൽ പാട്ടുകേട്ടും പരസ്പരം സംസാരിച്ചും ഗ്ലാസ് താഴ്‌ത്തിയിട്ടും രാത്രി മുഴുവൻ ഉറക്കമൊഴിച്ച് വണ്ടിയോടിക്കാമെന്നാണ് മിക്ക ഡ്രൈവർമാരുടെ ധാരണ. എന്നാൽ ഉറക്കത്തിന്റെ റാപ്പിഡ്-ഐ-മൂവ്‌മെന്റ് എന്ന ഘട്ടത്തിൽ എത്ര വമ്പനായാലും ഒരു നിമിഷാർദ്ധം കണ്ണടച്ചുപോകുമെന്നതാണ് യാഥാർത്ഥ്യം. ഈ ഘട്ടത്തിൽ കണ്ണുതുറന്നിരിക്കുകയായിരിക്കും, പക്ഷേ പൂർണമായി ഉറക്കത്തിലായിരിക്കും. ഈ സമയത്ത് കാൽ മരവിപ്പിലായിരിക്കും. ആക്‌സിലറേറ്ററിൽ കാൽ ശക്തിയായി അമർത്താനുള്ള സാദ്ധ്യത കൂടുതലായിരിക്കും. ഉറക്കത്തിന്റെ ആലസ്യമുണ്ടായാൽ വാഹനം നിറുത്തി അരമണിക്കൂറെങ്കിലും ഉറങ്ങിയശേഷം നന്നായി മുഖംകഴുകി യാത്ര തുടരണം. എത്ര മികച്ച ഡ്രൈവറായാലും ഉറക്കത്തെ ഒരുപരിധിവരെ തടഞ്ഞിനിറുത്താൻ ശരീരത്തിന് കഴിയില്ല.
നാലുഘട്ടങ്ങളുള്ള ഉറക്കത്തിന്റെ ഒരുഘട്ടത്തിൽ നമ്മൾപോലുമറിയാതെ ഉറക്കം കണ്ണുകളിലെത്തും. പകൽ ഉണർന്നിരിക്കാനും രാത്രിയിൽ ഉറങ്ങാനുമായി സെറ്റ് ചെയ്ത ജൈവഘടികാരം (ബയോളജിക്കൽ ക്ലോക്ക്) നമ്മുടെ ശരീരത്തിലുണ്ട്. ഉറക്കം നിയന്ത്രിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തോടെ രാത്രിയിൽ മണിക്കൂറുകളോളം വാഹനമോടിക്കുമ്പോൾ ഇതിന്റെ പ്രവർത്തനം താളംതെറ്റും. ഉറക്കം കണ്ണിലെത്തിയില്ലെങ്കിൽ പോലും ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോവാൻ വേറെയും കാരണങ്ങളുണ്ട്. രാത്രിഡ്രൈവിംഗിൽ റോഡിലെ നാലിലൊന്നായി കുറയും. പകൽവെളിച്ചത്തിലും രാത്രിയിലും കാഴ്ച നൽകുന്നത് വ്യത്യസ്‌ത കോശങ്ങളാണ്. റെറ്റിനയിലെ റോഡ് കോശങ്ങളിൽ കാണപ്പെടുന്ന റോഡോപ്‌സിൻ എന്ന വർണഘടകമാണ് രാത്രികാഴ്ച നൽകുന്നത്.
വെറ്റമിൻ-എയിൽ നിന്ന് രൂപപ്പെടുന്ന റെറ്റിനാലും ഓപ്‌സിനുമാണ് റോഡോപ്‌സിന്റെ അടിസ്ഥാന ഘടകങ്ങൾ. പകൽ ഇത് പ്രവർത്തനക്ഷമമല്ലാതാവും. കണ്ണിലേക്ക് പ്രകാശമെത്തുമ്പോൾ റോഡോപ്സിൻ റെറ്റിനാലും ഓപ്‌സിനുമായി വിഘടിക്കും. ഇത് പെട്ടെന്നുതന്നെ പുനഃസംയോജിക്കും. രാത്രിയിൽ തുടർച്ചയായി എതിർദിശയിലെ വാഹനങ്ങളുടെ ലൈറ്റ് കണ്ണിലടിക്കുമ്പോൾ റോഡോപ്‌സിന്റെ പുനഃസംയോജനത്തിന് ആവശ്യമായ സമയം കിട്ടില്ല. ഈ പ്രക്രിയയ്‌ക്കായി തലച്ചോർ ഉറക്കം വരുത്തും. കണ്ണുകൾ നിമിഷങ്ങളോളം അടപ്പിച്ച് രാത്രികാഴ്‌ച വീണ്ടെടുക്കാനാണ് തലച്ചോർ ശ്രമിക്കുമ്പോഴാണ് നമ്മൾ പോലുമറിയാതെ ഉറങ്ങിപ്പോവുന്നത്. ആദ്യതവണ ഉറക്കത്തിന്റെ സൂചന കിട്ടുമ്പോൾ തന്നെ വാഹനം നിറുത്തി 15മുതൽ 30മിനിറ്റ് ഉറങ്ങുകയാണ് അഭികാമ്യം. പുലർച്ചെ രണ്ടിനും ആറിനുമിടയിലാണ് ഡ്രൈവർ ഉറങ്ങിയുള്ള അപകടങ്ങളേറെയും. ഈ സമയം ശരീരം ഉറങ്ങാനുള്ള പ്രവണതകാട്ടും. എയർപോർട്ട്, തീർത്ഥാടന ഡ്രൈവർമാരാണ് അപകടത്തിൽപെടുന്നത്. മതിയായ വിശ്രമം ലഭിച്ചെന്ന് ഉറപ്പാക്കി, വിദഗ്ദ്ധനായ ഡ്രൈവറെവേണം ദൂരയാത്രയ്‌ക്ക് ഉപയോഗിക്കാനെന്നും ഉറക്കത്തിന്റെ ആലസ്യമുണ്ടായാൽ വാഹനം നിറുത്തി അരമണിക്കൂറെങ്കിലും ഉറങ്ങിയശേഷം നന്നായി മുഖംകഴുകി യാത്ര തുടരണം.