
രാജ്യത്ത് പെട്രോൾ ഡീസൽ വില ഓരോ ദിവസവും കുതിച്ചുയരുകയാണ്. ഇന്ധനവില വർദ്ധനവിൽ നിന്നും രക്ഷപ്പെടാനുള്ള വഴിയാലോചിക്കുന്നവർക്ക് മുന്നിൽ ഇപ്പോൾ തെളിയുന്ന ഏക മാർഗം ഇലക്ട്രിക് വാഹനങ്ങളാണ്. ഇലക്ട്രിക് വാഹനങ്ങളുടെ ഉയർന്ന വിലയും, അതിന്റെ സാങ്കേതികത്വത്തിലുള്ള സംശയങ്ങളുമെല്ലാമാണ് ഇപ്പോഴും ജനത്തെ ഇലക്ട്രിക് വാഹനങ്ങളിൽ നിന്നും അകറ്റുന്നത്. അതേസമയം മെല്ലെയാണെങ്കിലും ഇലക്ട്രിക് വാഹനങ്ങളുടെ വിപണിയുടെ വളർച്ച കുത്തനെ ഉയരുകയാണ് ഇന്ത്യയിൽ. 2019 ൽ കേവലം നൂറ് ഇലക്ട്രിക് വാഹനങ്ങൾ വിറ്റ സ്ഥലത്ത് 2020ൽ നാലായിരത്തോളം ഇ വാഹനങ്ങളാണ് വിറ്റുപോയത്.
പ്രമുഖ കമ്പനികൾ ഇലക്ട്രിക് വിഭാഗത്തിൽ പുത്തൻ മോഡലുകൾ അവതരിപ്പിച്ചതും പ്രതീക്ഷയുളവാക്കുന്നുണ്ട്. എന്നാൽ ചാർജ്ജിംഗ്, ബാറ്ററി എന്നിവയിൽ സാധാരണക്കാരുടെ സംശയങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അഞ്ച് വർഷം കഴിഞ്ഞാൽ കൂടുതൽ ചാർജ്ജിംഗ് ശേഷിയുള്ള വാഹനങ്ങൾ വരും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നവരും ഉണ്ട്. എന്നാൽ പെട്രോൾ ഡീസൽ വില വർദ്ധനവ് രാജ്യത്തെ ഇ വാഹനങ്ങളുടെ വിൽപ്പന കുത്തനെ കൂട്ടും എന്ന വിലയിരുത്തലാണ് ഈ മേഖലയിലെ വിദഗ്ദ്ധർ നൽകുന്നത്.
പെട്രോൾ ഡീസൽ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളുടെ പ്രവർത്തന ചിലവ് പരിശോധിച്ചാൽ ഇലക്ട്രിക് വാഹനങ്ങളുടെ മേന്മ എളുപ്പം മനസിലാക്കാനാവും, വൈദ്യുത വാഹനങ്ങളുടെ പ്രവർത്തന ചിലവ് കിലോമീറ്ററിന് കേവലം ഒരു രൂപയ്ക്ക് അടുത്ത് മാത്രമാണ്, എന്നാൽ ഇന്ധനമടക്കമുള്ള പ്രവർത്തന ചിലവ് പരിഗണിച്ചാൽ പെട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കാറുകൾക്ക് കിലോമീറ്ററിന് ആറുരൂപയ്ക്കും മേൽ ചിലവാക്കേണ്ടിവരും എന്നതാണ് വസ്തുത. സി എൻ ജിയിൽ ഓടുന്ന വാഹനങ്ങൾക്ക് കിലോമീറ്ററിന് രണ്ടരരൂപ വേണ്ടിവരും.
ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുന്നതിന് ആവശ്യമായ സമയത്തിന്റെ അടിസ്ഥാനത്തിലും, ഉപയോഗിച്ച വൈദ്യുതിയുടെ അടിസ്ഥാനത്തിലും നിരക്കുകൾ ഏർപ്പെടുത്താറുണ്ട്. വൈദ്യുതി നിരക്ക് വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്തവുമാണ്. നിരത്തിൽ വൈദ്യുത കാറുകൾ മാത്രം വരുന്ന അവസ്ഥയിൽ ഇപ്പോൾ പെട്രോളിലെന്ന പോലെ സർക്കാരുകൾ നികുതികൾ ഏർപ്പെടുത്തുമോ എന്ന സംശയവും ഇലക്ട്രിക് കാർ ഉയർന്ന വില നൽകി ഇപ്പോൾ വാങ്ങുന്നതിൽ നിന്നും ഉപഭോക്താക്കളെ തടയുന്നു. എന്നാൽ കൂടുതൽ പേരെ വൈദ്യുത കാറുകളിലേക്ക് ആകർഷിക്കുന്നതിനായി നിരവധി പദ്ധതികൾ സർക്കാർ നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. സ്വകാര്യ മേഖലയിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചാർജിംഗ് സ്റ്റേഷനുകൾ ദിനംപ്രതി പുതുതായി ആരംഭിക്കുന്നുണ്ട്.
ഒരു വൈദ്യുത കാറിന്റെ പ്രവർത്തന ചിലവ് ഇപ്രകാരമാണ്
ഒരു ഇലക്ട്രിക് കാർ പൂർണമായും ചാർജ് ചെയ്യാൻ ആറു മുതൽ എട്ടുമണിക്കൂർ വരെ എടുക്കും. ഇപ്രകാരം ഒരു വാഹനം പൂർണമായും ചാർജ് ചെയ്യാൻ ഉദ്ദേശം 250 രൂപയുടെ വരെ വൈദ്യുതിയാണ് ആവശ്യമായി വരിക. ഇപ്പോൾ ഇന്ത്യയിൽ ലഭ്യമായ പ്രമുഖ കമ്പനികളുടെ ഇലക്ട്രിക് കാറുകൾ 350 മുതൽ 400 കിലോമീറ്റർ വരെ ദൂരം ഒറ്റ ചാർജിംഗിൽ സഞ്ചരിക്കാനാവും എന്നാണ് അവകാശപ്പെടുന്നത്. പെട്രോൾ വില ലിറ്ററിന് മൂന്നക്കത്തിലേക്ക് കടക്കുമ്പോൾ ഇനി പെട്രോൾ പമ്പിലേക്ക് വാഹനം കയറ്റണമോ വേണ്ടയോ എന്ന തീരുമാനം ഇലക്ട്രിക് വാഹനങ്ങളെ മനസിൽ കണ്ട് എടുക്കാൻ സമയമായിരിക്കുകയാണ്.