ശരീരത്തിന് വണ്ണം കൂട്ടാൻ അധികഭക്ഷണം എപ്പോഴും കഴിക്കേണ്ടത് പ്രധാനഭക്ഷണത്തിന് ശേഷമായിരിക്കണം. അതായത് വണ്ണം കൂട്ടാൻ നിങ്ങൾ പഴവർഗങ്ങളോ ജ്യൂസോ കേക്കോ എന്തുമായിക്കോട്ടെ കഴിക്കുന്നുണ്ടെങ്കിൽ അത് ഭക്ഷണത്തിന് ശേഷമായിരിക്കണം. അതായത് രാവിലെയും ഉച്ചയ്ക്കും രാത്രിയും ഭക്ഷണത്തിന് ശേഷമായിരിക്കണം ഇത്തരം ഭക്ഷണങ്ങൾ കഴിക്കേണ്ടത്. വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നവർ പ്രധാന ഭക്ഷണത്തിന് മുമ്പും വണ്ണം കൂട്ടാനാഗ്രഹിക്കുന്നവർ പ്രധാന ഭക്ഷണത്തിന് ശേഷവുമായിരിക്കണം ഇത്തരം ഭക്ഷണപദാർത്ഥങ്ങൾ കഴിക്കേണ്ടത്.
വണ്ണം വേണേൽ നിലക്കടല തിന്നോ
നിരവധി വിറ്റാമിനുകളും മിനറൽസും അടങ്ങിയവയാണ് നിലക്കടല. ഇത് ഭക്ഷണത്തിന് ശേഷം കഴിക്കുന്നത് ശരീരപുഷ്ടിക്ക് നല്ലതാണ്. മൂന്നു നേരത്തെ ഭക്ഷണത്തിന് ശേഷവും അൽപ്പാൽപ്പമായി നമുക്ക് ഇത് കഴിക്കാം. വിറ്റാമിൻ ഇയുടെയും വിറ്റാമിൻ ബിയുടെയും ഉയർന്ന അളവുകൾ ഇതിലുണ്ട്.
ബദാം വേണം ആറോ ഏഴോ
വണ്ണം വയ്ക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് ബദാം. ഭക്ഷണശേഷം ദിവസം ആറോ ഏഴോ എണ്ണം കഴിക്കുക. അതിൽ കൂടുതൽ കഴിക്കരുത്. ചിലപ്പോൾ വിപരീതഫലം ഉണ്ടാക്കിയേക്കാം. ഇത് വെറുതേ കഴിക്കാൻ പറ്റില്ല എന്നുണ്ടെങ്കിൽ പാലിൽ മിക്സ് ചെയ്തു കഴിക്കാം. ഇത് ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ വർധനവിന് സഹായിക്കുന്നു. കൂടാതെ കാൻസറിനെ തടയാനും ബദാം സഹായിക്കുന്നുവെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ഉണക്കമുന്തിരിയും റോസ്റ്റഡ് പിസ്തയും
പല തരത്തിലുള്ള ഉണക്കമുന്തിരികൾ വിപണിയിൽ വിൽപ്പനയ്ക്കുണ്ട്. കറുത്ത നിറത്തിലുള്ളതും ഇളം പച്ചയോ അല്ലെങ്കിൽ മഞ്ഞയോടുകൂടിയതോ ആയിട്ടുള്ളതും നമ്മുടെ വിപണിയിൽ ലഭ്യമാണ്. ഇതിൽ പച്ചകളറോടു കൂടിയ ഉണക്കമുന്തിരിയാണ് വണ്ണം കൂട്ടാൻ ആഗ്രഹമുള്ളവർ കഴിക്കേണ്ടത്. പിസ്ത ചർമ്മത്തെയാണ് ഏറ്റവും കൂടുതൽ സ്വാധീനിക്കുക. ചർമ്മത്തിന്റെ തിളക്കവും മൃദുലതയും വർദ്ധിപ്പിക്കുന്നു. പിസ്ത കഴിക്കുകയാണെങ്കിൽ ഏറ്റവും നല്ല സമയം വൈകുന്നേരമാണ്. വൈകീട്ടത്തെ ചായയുടെ കൂടെ കഴിക്കുക. ദിവസവും നാലോ അഞ്ചോ മതി. കൂടുതൽ കഴിക്കേണ്ടതില്ല. റോസ്റ്റ് ചെയ്ത പിസ്തയാണ് ഏറ്റവും നല്ലത്.
ആപ്രിക്കോട്ടും ഈന്തപ്പഴവും
വണ്ണം വയ്ക്കാൻ ഉപയോഗിക്കുന്ന നല്ലൊരു പഴമാണിത്. ഇത് ഏത് രൂപത്തിലുള്ളതും കഴിക്കുന്നത് നല്ലതാണ്. ഡ്രൈഫ്രൂട്ട് ആയിട്ടും അല്ലാതെയും കഴിക്കാം. വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ ഉയർന്ന തോതിൽ ഇതിലടങ്ങിയിട്ടുണ്ട്. ഈന്തപ്പഴത്തിന്റെ പ്രത്യേകതകൾ പറയാതെ തന്നെ നമുക്കെല്ലാവർക്കും അറിയാം. ശരീരപുഷ്ടിക്ക് ഇത്രയും പോഷകങ്ങളടങ്ങിയ മറ്റൊരു പഴം ഇല്ലെന്നു തന്നെ പറയാം. ശരീരത്തിൽ ഇത്രയും പെട്ടെന്ന് ദഹിക്കുന്ന മറ്റൊരു ഫ്രൂട്ട്സ് ഇല്ല. ഇത് പാലിൽ ചേർത്ത് ഷേക്ക് രൂപത്തിൽ കഴിക്കണമെങ്കിൽ അങ്ങനെയാവാം. വണ്ണം കൂട്ടാൻ ആഗ്രഹമുള്ളവർ ഡ്രൈ ആയിട്ടുള്ളവ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.