panda

ജോലി ഉപേക്ഷിച്ച് പഠനം തുടരാൻ തീരുമാനിച്ച മലേഷ്യയിലെ ഫുഡ് ഡെലിവറി ബോയ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഫുഡ് ഡെലിവറി ആപ്പ് ആയ ഫുഡ്പാണ്ടയിലാണ് കക്ഷി ജോലി ചെയ്യുന്നത്. ഔദ്യോഗിക ജീവിതത്തിലെ അവസാന ദിവസം എങ്ങനെ സ്പെഷ്യൽ ആക്കാം എന്ന ചിന്തയിൽ ഇയാൾ കമ്പനിയുടെ എംബ്ലം ആയ പാണ്ടയെത്തന്നെ കൂടെക്കൂട്ടിയാണ് ജോലിക്കെത്തിയത്. പാണ്ടയുമൊത്ത് അവസാന ദിവസം ഫുഡ് ഡെലിവെറിക്ക് പോകുന്ന വീഡിയോ ഇതിനോടകം തന്നെ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി.

“അവസാന ദിവസം, മടിയനായ ഈ കുട്ടിയെ (പാണ്ട) ഞാൻ ഫുഡ് ഡെലിവർ ചെയ്യാൻ കൂടെക്കൂട്ടി" എന്ന തലക്കെട്ടോടെയാണ് ഉസൈർ ട്വിറ്ററിൽ പാണ്ടയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചത്. ഇതിലിപ്പോ എന്താ ഇത്ര വലിയ സംഭവം എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്. വംശനാശ ഭീഷണി സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ജീവിയാണ് ആണ് പാണ്ട. ഇവയെ പൊതുസ്ഥലത്ത് അനുമതിയില്ലാതെ കൊണ്ടുവരാനോ, സ്വകാര്യമായി സംരക്ഷിക്കാനോ പാടില്ല.

ഒന്ന് സൂക്ഷിച്ചു നോക്കിക്കോളൂ. സംഭവം എഡിറ്റ് ചെയ്ത ചിത്രങ്ങളാണ്. ഫോട്ടോഷോപ്പിൽ അഗ്രഗണ്യനായ യുവാവ് ചിത്രങ്ങളിലെ പാണ്ടയെ എഡിറ്റ് ചെയ്തു തിരുകിക്കയറ്റിയതാണ്. പാണ്ടകളെ സ്നേഹിക്കുന്ന ഇൗ യുവാവ് തന്റെ അവസാന ദിവസത്തെ ജോലി അങ്ങനെ തീർത്തും അവിസ്മരണീയമാക്കി മാറ്റി. എന്തായാലും 46,000 ലധികം ലൈക്കുകളും 15,900 റീട്വീറ്റുകളുമായി പോസ്റ്റ് ട്വിറ്ററിൽ കത്തിക്കയറുന്നുണ്ട്. പലർക്കും ഈ ഫോട്ടോയിലെ പാണ്ട എഡിറ്റ് ചെയ്തതാണെന്നറിയില്ല എന്നതാണ് രസകരമായ മറ്റൊരു കാര്യം.