
ജക്കാർത്ത:കാറ്റ് ഗർഭിണിയാക്കിയെന്ന അവകാശവാദവുമായി യുവതി. തെക്കൻ ഇൻഡോനേഷ്യൻ സ്വദേശിനിയും 25കാരിയുമായ സിദ്ധി സൈനയാണ് വിചിത്രവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞ് ഒരുമണിക്കൂറിനുളളിൽ പ്രസവം നടന്നെന്നും യുവതി പറയുന്നു. കഴിഞ്ഞയാഴ്ചയാണ് യുവതി വീടിനടുത്തുളള ആശുപത്രിയിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്.
യുവതി പറയുന്നത് ഇങ്ങനെ:
'ഉച്ചസമയത്തെ പ്രാർത്ഥനയ്ക്കുശേഷം പുറംതിരിഞ്ഞ് കിടക്കുമ്പോൾ പെട്ടെന്ന് കാറ്റ് എന്റെ യോനിയിൽ കടന്നതായി തോന്നി. പക്ഷേ, അസ്വാഭാവികത ഒന്നും തോന്നാത്തതിനാൽ കാര്യമാക്കിയില്ല. കുറച്ചുസമയം കഴിഞ്ഞ് സ്വീകരണ മുറിയിലിരിക്കുമ്പോൾ വീടിനുചുറ്റും കാറ്റടിക്കാൻ തുടങ്ങി. അല്പം കഴിഞ്ഞ് വയറ്റിൽ വല്ലാത്ത അസ്വസ്ഥത തോന്നി. ഒപ്പം വേദനയും കലശലായി. ഉടൻതന്നെ അടുത്തുളള ആശുപത്രിയിൽ കൊണ്ടുപോയി. അപ്പോൾത്തന്നെ പ്രസവിക്കുകയും ചെയ്തു'. അമ്മയ്ക്കും കുഞ്ഞിനും സുഖമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്.

'കാറ്റ് ഗർഭത്തിന്റെ' വാർത്ത വളരെപ്പെട്ടെന്ന് നാട്ടിലാകെ പരന്നു. സോഷ്യൽ മീഡിയയും വിഷയം ഏറ്റെടുത്തു. യുവതി കള്ളം പറയുകയാണെന്നായിരുന്നു ചിലരുടെ അഭിപ്രായം. യുവതി പറയുന്നതുപോലെ സംഭവിക്കാൻ ഒരു ന്യായവുമില്ലെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെയും അഭിപ്രായം. ഇതോടെ അധികൃതർ യുവതിയെ സന്ദർശിച്ചു. സംഭവത്തെക്കുറിച്ച് ഇപ്പോൾ വ്യക്തമായി ഒന്നും പറയാനാവില്ലെന്നാണ് അവർ പറയുന്നത്. യുവതിയുടെ അവകാശവാദം പൊളളയാണോ എന്നകാര്യത്തിലും അവർ പ്രതികരിക്കാൻ തയ്യാറായില്ല. എന്തായാലും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് എത്രയും പെട്ടെന്ന് റിപ്പോർട്ട് നൽകാൻ പൊലീസിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഈ കേസ് എങ്ങനെ അന്വേഷിച്ച് സത്യാവസ്ഥ കണ്ടെത്തും എന്നറിയാതെ വിഷമിച്ചിരിക്കുകയാണ് പൊലീസ് ഉദ്യാേഗസ്ഥർ.