pinarayi-vikjayan

തിരുവനന്തപുരം: സംസ്ഥാനത്ത് താത്‌ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സംസ്ഥാന സർക്കാർ നിർത്തിവച്ചു. പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സർക്കാർ നടപടി. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. സ്ഥിരപ്പെടുത്തൽ സുതാര്യമാണെങ്കിലും പ്രതിപക്ഷം ഉദ്യോഗാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നാണ് സർക്കാർ വിശദീകരണം. ആരോഗ്യ-റവന്യു വകുപ്പുകളിൽ കൂടുതൽ തസ്‌തികകൾ സൃഷ്‌ടിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കൂട്ട സ്ഥിരപ്പെടുത്തൽ തിരിച്ചടിയാകുമെന്ന് കണ്ടാണ് സർക്കാർ പിന്മാറ്റം.വിവിധ വകുപ്പുകളിൽ പുതിയ തസ്‌തികകൾ സൃഷ്‌ടിക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ കണക്കുകൾ സർക്കാർ പുറത്തുവിടും. കഴിഞ്ഞ വിവിധ മന്ത്രിസഭാ യോഗങ്ങളിലായി ആയിരത്തിലധികം സ്ഥിര നിയമനങ്ങളാണ് സർക്കാർ‌ നടത്തിയത്. ധാരാളം ശുപാർശകളും സർക്കാരിന് മുന്നിലുണ്ട്. ഇതിനിടെയാണ് മന്ത്രിസഭാ യോഗ തീരുമാനം പുറത്തുവരുന്നത്.

ഇതുവരെ നടത്തിയ സ്ഥിരപ്പെടുത്തലുകളിൽ മാറ്റമുണ്ടാകില്ല. ആരോഗ്യ, റവന്യു വകുപ്പുകളിലേക്ക് അടക്കം നൂറ്റിയമ്പതോളം പേരെ സ്ഥിരപ്പെടുത്താനുളള അജണ്ട ഇന്ന് മന്ത്രിസഭായോഗത്തിന് മുന്നിലുണ്ടായിരുന്നു. ഇതൊന്നും യോഗം പരിഗണിച്ചില്ല. അതേസമയം, മിക്ക വകുപ്പുകളിലേക്കുമുളള സ്ഥിരപ്പെടുത്തൽ നിയമനങ്ങൾ നടന്നുകഴിഞ്ഞുവെന്നതാണ് ശ്രദ്ധേയമായ കാര്യം. അടുത്തയാഴ്ച തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നുകഴിഞ്ഞാൽ മന്ത്രിസഭായോഗം ചേരാനാകില്ല. ഇത് കണക്കിലെടുത്ത് ദീർഘമായ മന്ത്രിസഭായോഗമാണ് ഇന്ന് ചേർന്നത്. വിശദമായ ചർച്ചയ്‌ക്ക് ശേഷമാണ് സ്ഥിരപ്പെടുത്തൽ തത്ക്കാലം നിർത്തിവയ്‌ക്കാൻ സർക്കാർ തീരുമാനിച്ചത്.