parking

തിരുവനന്തപുരം: നഗരത്തിലെ ഒരിക്കലും തീരാത്ത പാർക്കിംഗ് പ്രശ്നത്തിന് പരിഹാരമായി തിരക്കേറിയ മെഡിക്കൽ കോളേജിൽ പുതിയൊരു ബഹുനില പാർക്കിംഗ് കേന്ദ്രം വരുന്നു. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മേയർ ആര്യ രാജേന്ദ്രൻ അദ്ധ്യക്ഷയാകും.

മെഡിക്കൽ കോളേജ് ആശുപത്രിയുടെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് മുന്നിലെ പാർക്കിംഗ് ഏരിയയിൽ നിർമ്മിക്കുന്ന സെമി ആട്ടോമാറ്റിക് മൾട്ടി ലെവൽ കാർ പാർക്കിംഗ് സംവിധാനത്തിൽ 202 കാറുകൾ പാർക്ക് ചെയ്യാനാകും. കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സീഗർ സ്‌പിൻ ടെക്ക് എക്യുപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയ്ക്കാണ് നിർമ്മാണ കരാർ നൽകിയിരിക്കുന്നത്. 12 കോടി രൂപ ചെലവിടുന്ന പദ്ധതി നാലു മാസം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ടു മാസം സിവിൽ ജോലികളും തുടർന്നുള്ള രണ്ടു മാസം മെക്കാനിക്കൽ ജോലികളുമാണ് നടക്കുക. മാസ്റ്റർ പ്ലാനിന്റെ ഭാഗമായി ഒ.പി ബ്ലോക്കിന് സമീപവും നിലവിലെ അത്യാഹിത വിഭാഗത്തിന് മുന്നിലും മറ്റ് രണ്ട് മൾട്ടി ലെവൽ കാർ പാർക്കിംഗ് കേന്ദ്രം കൂടി നിർമ്മിക്കാനും പദ്ധതിയുണ്ട്.

ഇതുകൂടാതെ പാളയത്ത് സാഫല്യം കോംപ്ലക്‌സിന് പിറകിലായി സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി മൾട്ടിലെവൽ കാർ പാർക്കിംഗ് സംവിധാനം നിർമ്മിക്കും. ഏഴു നിലയുള്ള പാർക്കിംഗ് കേന്ദ്രത്തിൽ 568 കാറും 270 ഇരുചക്ര വാഹനങ്ങളും പാർക്ക് ചെയ്യാം. 32.99 കോടിയാണ് ചെലവ്. പുത്തരിക്കണ്ടം മൈതാനത്തും മൾട്ടിലെവൽ പാർക്കിംഗ് സംവിധാനത്തിന്റെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു. 15 മാസത്തിനകം നിർമ്മാണം പൂർത്തിയാക്കും.

ശ്രീചിത്ര പാർക്ക്, പുത്തരിക്കണ്ടം മൈതാനം, പാളയം മാർക്കറ്റ്, ചാല എന്നിവിടങ്ങളിൽ കൂടി മൾട്ടി ലെവൽ പാർക്കിംഗ് കേന്ദ്രങ്ങൾ നിർമ്മിക്കാൻ നഗരസഭയ്ക്ക് പദ്ധതിയുണ്ട്. ഈ നാലിടങ്ങൾ കൂടാതെ പവർഹൗസ് റോഡ്, സി.വി. രാമൻപിള്ള റോഡ്, ബേക്കറിപാളയം റോഡ്, ചാല ബസാർ എന്നിവിടങ്ങളിൽ ഓൺസ്ട്രീറ്റ് പാർക്കിംഗ് സംവിധാനം ഒരുക്കും. ഇപ്പോൾ എം.ജി. റോഡ് മുഴുവനായും പെയ്ഡ് പാർക്കിംഗ് സംവിധാനത്തിലേക്ക് കോർപ്പറേഷൻ മാറ്റിയിട്ടുണ്ട്. ഇത് മറ്റ് റോഡുകളിലേക്ക് വിപുലപ്പെടുത്താനും ആലോചനയുണ്ട്.

വീതികുറഞ്ഞ റോഡുകളും സ്ഥലലഭ്യതയില്ലാത്തതുമാണ് നഗരത്തിൽ പാർക്കിംഗ് സംവിധാനമൊരുക്കുന്നതിന് പ്രധാന തടസമായിട്ടുള്ളത്. സ്ഥലം കണ്ടെത്തുകയെന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യവുമാണ്. ആവശ്യത്തിന് ഫണ്ടുള്ളതിനാൽ സ്ഥലമേറ്റെടുപ്പ് ബുദ്ധിമുട്ടുണ്ടാക്കില്ലെന്നാണ് കോർപ്പറേഷൻ പറയുന്നത്. സ്മാർട്ട്സിറ്റി പദ്ധതിയുടെ ഭാഗമായി എളുപ്പം നടപ്പാക്കാവുന്ന പദ്ധതികളിലാണ് കോർപ്പറേഷൻ ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.

 പരാതികൾക്ക് പരിഹാരമായില്ല

അതേസമയം,​ കോർപ്പറേഷൻ ഓഫീസിൽ നിർമ്മിച്ച ബഹുനില പാർക്കിംഗ് കേന്ദ്രത്തെ കുറിച്ച് ഇപ്പോഴും പരാതികളുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ടോക്കൺ സംവിധാനം കാര്യക്ഷമമല്ലെന്നാണ് പ്രധാനമായും ആക്ഷേപം ഉയർന്നിരിക്കുന്നത്.