
തിരുവനന്തപുരം: റാങ്ക് ലിസ്റ്റിലെ അഞ്ചിലൊന്ന് പേർക്കെങ്കിലും നിയമനം വേണമെന്നും താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് തൽക്കാലം നിർത്തിവച്ചതുകൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്നും സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽ ജി എസ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മന്ത്രി തലത്തിലോ മുഖ്യമന്ത്രിയുമായോ ചർച്ചക്കുള്ള അവസരം വേണമെന്നും അത് വരെ പ്രതിഷേധങ്ങൾ തുടരുമെന്നും അവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
തങ്ങൾക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുന്നത് വരെ സമരം തുടരുമെന്ന് നേരത്തേ ഉദ്യോഗാർത്ഥികളുടെ പ്രതിനിധി ലയ പറഞ്ഞിരുന്നു. 'അധിക തസ്‌തികകൾ ചോദിക്കുന്നില്ല. അഞ്ചിലൊന്ന് നിയമനമെന്ന മുഖ്യമന്ത്രിയുടെ ഇന്നലത്തെ വാക്കുകൾ പ്രതീക്ഷയോടെയാണ് കാണുന്നത്. അഞ്ചിലൊന്ന് നിയമനം നടപ്പായാൽ ഒമ്പതിനായിരത്തിലധികം നിയമനം നടക്കും.
എൽ ഡി പോലുളള ലിസ്റ്റുകളിൽ മാസങ്ങൾ ബാക്കി നിൽക്കുമ്പോഴും ഒരുപാട് നിയമനങ്ങൾ നടക്കുന്നുണ്ട്. നിയമപരമായി ഞങ്ങൾക്ക് അർഹതപ്പെട്ട പോസ്‌റ്റുകളാണ് ചോദിക്കുന്നതെന്നുമാണ് ലയ പറഞ്ഞത്.