mathikettan-chola

മതികെട്ടാൻചോല, സഞ്ചാരികളുടെ ഹൃദയം കീഴടക്കുന്നയിടമാണെന്ന് ഒരിക്കലെങ്കിലും പോയിട്ടുള്ളവർ സമ്മതിക്കാതിരിക്കില്ല. അത്രയേറെ മനോഹരമാണിവിടം. പച്ചപ്പുൽമേടും മലഞ്ചെരിവും കോടമഞ്ഞുമൊക്കെയായി ഏതൊരു യാത്രികനെയും ആകർഷിക്കുന്നയിടം. കേരള-തമിഴ്നാട് അതിർത്തി വേർതിരിക്കുന്ന പശ്ചിമഘട്ട മലനിരയുടെ ഭാഗമായ മതികെട്ടാൻ മലനിര ആദ്യകാലത്ത് കൈയേറ്റക്കാരുടെ കൈകളിലായിരുന്നു. മരങ്ങൾ മുറിച്ചുനീക്കിയും നിർമാണപ്രവർത്തനങ്ങൾ നടത്തിയും വനമേഖല ഇല്ലാതാകുന്ന സാഹചര്യം വന്നതോടെ 2003 ലാണ് കയ്യേറ്റം ഒഴിപ്പിച്ച് വനമേഖല ദേശീയോദ്യാനമായി സംരക്ഷിക്കാൻ തീരുമാനിച്ചത്. ദേശീയോദ്യാനമായതോടെ മതികെട്ടാൻ ചോലയിലെ അപൂർവയിനം ജന്തുജാലങ്ങളെല്ലാം തിരിച്ചെത്തി. കയ്യേറ്റം കുറഞ്ഞതോടെ മരങ്ങളും സ്വാഭാവികമായി വളർന്ന് നിബിഢവനമായി. അപൂർവ ഇനത്തിൽപ്പെട്ടതടക്കം 1500 ഔഷധസസ്യങ്ങളും വളരുന്നുണ്ട്. നിരവധി ഇനത്തിലുള്ള വന്യജീവികളുടെ ആവാസ കേന്ദ്രമാണ് മതികെട്ടാൻ. കടുവ, പുലി, ആനാ, മലയണ്ണാൻ, പുള്ളിമാൻ, വരയാട് തുടങ്ങി വിവിധ തരം മൃഗങ്ങളെ ഈ വനത്തിൽ കാണാം. പക്ഷി നിരീക്ഷണത്തിനും ഈ സ്ഥലം മികച്ച സ്ഥലമാണ്. പൂപ്പാറയിൽ സഞ്ചാരികൾക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്.

വനത്തിലൂടെയുള്ള യാത്ര തന്നെയാണ് ഏറ്റവും ത്രില്ലടിപ്പിക്കുന്നത്. വനത്തിലൂടെ സഞ്ചരിക്കാൻ കൃത്യമായ വഴികളൊന്നുമില്ല. വഴി തെളിച്ച് വേണം സഞ്ചാരികൾക്ക് മുന്നോട്ട് പോകാൻ. വനം വകുപ്പിന്റെ അനുമതിയോടെ പരിചയ സമ്പന്നനായ ഗൈഡിന്റെ കൂടെ മാത്രമെ മതികെട്ടാനിൽ പ്രവേശിക്കാൻ പാടുള്ളൂ.

എത്തിച്ചേരാൻ
ഇടുക്കി ജില്ലയിലെ പൂപ്പാറ ഗ്രാമത്തിൽ നിന്ന് ഇവിടേയ്‌ക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാം. മൂന്നാറിൽ നിന്ന് പൂപ്പാറ ഗ്രാമം വഴിയാണ് മതികെട്ടാനിൽ എത്തിച്ചേരേണ്ടത്. മൂന്നാർ കുമളി ഹൈവേയിലൂടെ യാത്ര ചെയ്‌താൽ പൂപ്പാറ ഗ്രാമത്തിൽ എത്തിച്ചേരാം.