
തിരുവനന്തപുരം: ഉദ്യോഗാർത്ഥികളുടെ പ്രക്ഷോഭം കടുക്കുന്നതിനിടെ വിട്ടുവീഴ്‌ചക്കില്ലെന്ന് വ്യക്തമാക്കി വ്യവസായ മന്ത്രി ഇ പി ജയരാജൻ. സെക്രട്ടറിയേറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികളെ കൊണ്ട് വെറുതെ സമരം ചെയ്യിപ്പിക്കുകയാണെന്നും സമരം ചെയ്യുന്നവർ നേരിട്ട് വന്നാൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇതേ വരെ അത്തരമൊരു ചർച്ചയ്ക്ക് സമരക്കാർ തയ്യാറായിട്ടില്ല. അവരെക്കൊണ്ട് സമരം നടത്തിക്കുകയാണ്. സമരം അവസാനിക്കാതെ തുടരാൻ ചിലർ അവരെ പ്രേരിപ്പിക്കുകയാണെന്നും ഇ പി ജയരാജൻ പറഞ്ഞു.
അസാദ്ധ്യമായ ആവശ്യവുമായാണ് തിരുവനന്തപുരത്ത് ഉദ്യോഗാർത്ഥികൾ സമരം നടത്തുന്നത്. ബി ജെ പിയും കോൺഗ്രസും പന്തൽ കെട്ടി സമരം നടത്തുന്നത് ഉദ്യോഗാർത്ഥികളോടുളള താത്പര്യം കൊണ്ടല്ല. നിലവിലെ സമരക്കാരുടെ ആവശ്യങ്ങൾ ഒന്നും പരിഹരിക്കാൻ സാധിക്കുന്നതാണെന്ന് കരുതുന്നില്ലെന്നും ചട്ടവിരുദ്ധമായ കാര്യങ്ങൾ ചർച്ച ചെയ്യാൻ സർക്കാരിനാവില്ലെന്നും ജയരാജൻ വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിനിമാ താരങ്ങൾ കോൺഗ്രസിലേക്ക് പോകുന്നതിലും ഇപി ജയരാജൻ പ്രതികരിച്ചു. സലിംകുമാർ അടക്കമുളള കലാകാരന്മാരോട് സി പി എമ്മിന് ബഹുമാനമാണുളളത്. എന്നാൽ ചില കലാകാരന്മാരുടെ തലയിൽ ഇടതുപക്ഷ വിരുദ്ധ അപസ്‌മാരമാണെന്നും ജയരാജൻ ആരോപിച്ചു.