
തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ സവിശേഷതകൾ ആഘോഷമാക്കി പുതുമയേറിയ പരസ്യവുമായി കണ്ണൻ ദേവൻ തേയില. ഒരേ വാക്കുകൾക്ക് മറ്റൊരു ഭാഷാശൈലിയിൽ വേറെ അർത്ഥം വരുന്നതും വ്യത്യസ്ത വാക്കുകളാണെങ്കിലും ഒരേ അർത്ഥം വരുന്നതും മലയാളത്തിൽ ഇങ്ങനൊരു വാക്കുണ്ട് എന്നുതന്നെ അറിയാതിരുന്നതുമായ വാക്കുകളും ഉപയോഗപ്പെടുത്തിയുള്ള ഈ പ്രചാരണം ഓരോ മലയാളിക്കും തന്റെ ഭാഷാ ശൈലിയെക്കുറിച്ച് അഭിമാനം പകരുന്നതാണ്. ഈ ചിന്തയെ അടിസ്ഥാനമാക്കി കണ്ണൻദേവൻ കേരളത്തിന്റെ വൈവിധ്യത്തെ മനസിലാക്കാൻ ശ്രമിക്കുന്നതാണ പരസ്യചിത്രത്തിന്റെ ഇതിവൃത്തം.
കേരളത്തിലെ ഭാഷാശൈലികളിൽ നിന്നുണ്ടാകുന്ന ആശയക്കുഴപ്പങ്ങൾ രസകരമായി അവതരിപ്പിക്കുകയാണ് ഇവിടെ. ശരിയായ വാക്കുകൾ പറയുമ്പോഴും ആശയക്കുഴപ്പമുണ്ടാകുന്നു. ഈ കഥയ്ക്ക് വിശ്വാസ്യത നല്കുന്നതിന് ഈ ചിത്രത്തിലെ സീനുകൾ ചിത്രീകരിച്ചിരിക്കുന്നത് അതാത് പ്രദേശത്തുതന്നെയാണ്. പാലക്കാട്, തൃശൂർ, കാസർകോട് എന്നിവിടങ്ങളിലാണ് ഇതിന്റെ ചിത്രീകരണം നടന്നത്.
ദേശീയ അവാർഡ് ജേതാവും പ്രമുഖ പരസ്യചലച്ചിത്ര സംവിധായകനുമായ വി.കെ. പ്രകാശാണ് സംവിധാനം ചെയ്‌തത്. അതാത് പ്രദേശത്തിന്റെ ഭാഷാശൈലിയിലൂടെ പ്രസിദ്ധരായവരാണ് പരസ്യചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ആഖ്യാതാവായത് നടൻ ബിജു മേനോനാണ്.
കേരളത്തിൽ രൂപംകൊണ്ട് കേരളത്തെ മറ്റാരേക്കാളും മനസിലാക്കിയ ബ്രാൻഡ് എന്ന നിലയിലാണ് ഈ പരസ്യം രൂപപ്പെടുത്തിയതെന്ന് ഈ പ്രചാരണത്തെക്കുറിച്ച് മുളൻ ലിന്റാസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഗരിമ ഖണ്ഡേൽവാൾ പറഞ്ഞു. കേരളത്തിന്റെ ഓരോ പ്രദേശങ്ങളിലും ഭാഷാശൈലി വളരെയധികം വ്യത്യസ്‌തമായതിനാൽ ഒരേ വാക്കുതന്നെ മറ്റൊന്നായി തെറ്റിദ്ധരിക്കാൻ ഇടയുണ്ട് എന്നത് പുതുമയുള്ള ഒരു ആശയമായിരുന്നു. അതാത് പ്രദേശത്തിന്റെ പേരിൽ എളുപ്പത്തിൽ തിരിച്ചറിയുന്ന ജനപ്രിയ കലാകാരന്മാരാണ് ഈ പരസ്യത്തിലുളളത്.
കണ്ണൻ ദേവന്റെ പുതിയ ടെലിവിഷൻ പരസ്യത്തിൽ കേരളത്തിലെ വിവിധ ജില്ലകളിലെ വ്യത്യസ്തമായ മലയാളം ഭാഷാശൈലികൾ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ് രസകരമായി ചിത്രീകരിച്ചിരിക്കുന്നത്.