
വാഷിംഗ്ടൺ: 6.6 കോടി വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ പതിച്ച ഒരു ഉൽക്ക മൂലമാണ് ദിനോസറുകൾ ഉൾപ്പെടെയുള്ള മുക്കാൽ ഭാഗത്തോളം പ്രാചീന ജീവജാലങ്ങളെ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കിയതെന്ന വാദവുമായി ഹാർവാഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞരായ ആമിർ സിറാജും, എ.വി ലോബും . ഉൽക്ക പതിച്ചതിനെ തുടർന്നുണ്ടായ ദീർഘകാലം നീണ്ടുനിന്ന അതിശൈത്യമാണ് ജീവജാലങ്ങളുടെ നാശങ്ങൾക്കുള്ള പ്രധാന കാരണമെന്നാണ് പഠനത്തിൽ പറയുന്നത്.
 ചീക്ക്ഷാലൂബ് ഇംപാക്ടർ (Chicxalub Impactor)
ഇന്നത്തെ മെക്സിക്കോയിലാണ് ഈ ഉൽക്ക പതിച്ചത്. സൗരയൂഥത്തിന്റെ അതിർത്തിയിലെ ചിതറികിടക്കുന്ന മഞ്ഞുപാളികളിൽനിന്ന് രൂപം കൊണ്ട ഉൽക്ക വ്യാഴത്തിന്റെ സ്വാധീനത്താലാണ് ഭൂമിയിലേക്ക് പതിച്ചതെന്നാണ് നിഗമനം. 25-75 കോടി കാലയളവിലൊരിക്കൽ ഇത്തരം പ്രതിഭാസം സ്വാഭാവികമാണെന്നാണ് വിദഗ്ദ്ധാഭിപ്രായം. ഇത് കൂടാതെ, ഗവേഷകരെ ദീർഘകാലമായി ആശയകുഴപ്പത്തിൽ പെടുത്തിയ ചീക്ക്ഷാലൂബ് ഇംപാക്ടർ (Chicxulub Impactor) എന്ന സമസ്യയ്ക്ക് ഏകദേശം ഉത്തരം ലഭിച്ചതായി ശാസ്ത്രജ്ഞർ പറയുന്നു. 11-81 കിലോമീറ്റർ വ്യാസമുള്ള ഉൽക്കയോ മറ്റേതെങ്കിലും ആകാശവസ്തുവോ അതിവേഗത്തിൽ ഭൂമിയിലേക്ക് പതിച്ച് ഭീകരമായ പരിണതഫലത്തിനിടയാക്കുന്ന പ്രതിഭാസമാണ് ചീക്ക്ഷാലൂബ് ഇംപാക്ടർ.
മെക്സികോയ്ക്ക് സമീപത്തുള്ള ചീക്ക്ഷാലൂബ് പ്യൂബ്ലോയിൽ ഉൽക്ക പതിച്ചതായി ശാസ്ത്രജ്ഞർ കരുതുന്നത് കൊണ്ടാണ്
ഈ പ്രതിഭാസത്തെ ചീക്ക്ഷാലൂബ്് ഇംപാക്ടർ എന്ന് വിളിക്കുന്നത്.
സൗരയൂഥത്തിലെ ഒരു ക്ഷുദ്രഗ്രഹത്തിൽ നിന്നടർന്ന ഒരു ഭാഗം പതിച്ചാണ് അതിശൈത്യമുണ്ടായതെന്നാണ് നേരത്തെയുള്ള നിഗമനം. ഇതിനെ പാടെ തള്ളിയാണ് പുതിയ പഠനറിപ്പോർട്ട്. സൗരയൂഥത്തിലെ ഏറ്റവും വലുതും ആകർഷണബലവുമുള്ള ഗ്രഹമായ വ്യാഴംപിൻ ബോൾ മെഷീൻ പോലെ പ്രവർത്തിച്ച്, ഇവയെ സൗരയൂഥത്തിലേക്ക് ആകർഷി ക്കുന്നു. അതിശൈത്യമേഖലയിൽ നിന്നെത്തുന്ന ഉൽക്കകൾക്ക് ഭൂമിയ്ക്ക് സമീപമുള്ള ക്ഷുദ്രഗ്രഹങ്ങളേക്കാൾ താപനില വളരെ കുറവായിരിക്കും. സൂര്യന് സമീപമെത്തുന്ന ഉൽക്കയുടെ ബാഷ്പീകരണം നടക്കുന്നു. ഉൽക്കയുടെ ഉൾഭാഗത്ത് അതിതീവ്രമായ ചാക്രികബലം സൃഷ്ടിക്കപ്പെടുകയും വിഘടനത്തിനിടയാക്കുകയും ചെയ്യും. സ്ഫോടനത്തിന്റെ ശക്തിയിൽ ആയിരക്കണക്കിന് കഷണങ്ങളാവുന്ന ഉൽക്കയുടെ ഒരു ഭാഗത്തിന്റെ വീഴ്ച ദിനോസോറുകളെ ഒന്നടങ്കം നശിപ്പിക്കാൻ ശേഷിയുള്ള കാലാവസ്ഥാവ്യതിയാനത്തിനിടയാക്കിയതായി പഠനത്തിൽ പറയുന്നു.
ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിൽ കാണപ്പെടുന്ന ക്ഷുദ്രഗ്രഹങ്ങളിൽ പത്ത് ശതമാനം മാത്രമാണ് കാർബണേഷ്യസ് കോൺഡ്രൈറ്റ് കൊണ്ട് നിർമിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ഉൽക്കകളിൽ ഭൂരിഭാഗത്തിലും കാർബണേഷ്യസ് കോൺഡ്രൈറ്റ് അടങ്ങിയിരിക്കുന്നു. ദിനോസോറുകളുടെ വംശനാശകാലത്ത് കാർബണേഷ്യസ് കോൺഡ്രൈറ്റിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. അതു കൊണ്ട് തന്നെ, ഈ ഉൽക്കയാണ് ജീവജാലങ്ങളെ നാമാവശേഷമാക്കിയതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.