kl-rahul

മുംബയ് :ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ടു മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിലേക്ക് കെ.എൽ. രാഹുൽ തിരിച്ചെത്തി. പരിക്കുമൂലം ആസ്ട്രേലിയൻ പര്യടനത്തിനിടെ രാഹുൽ മടങ്ങിയിരുന്നു. ഫിറ്റ്നസ് വീണ്ടെടുക്കുന്നതിന് അനുസരിച്ച് പേസർ ഉമേഷ് യാദവും ടീമിനൊപ്പം ചേരും. ഉമേഷ് യാദവ് തിരിച്ചെത്തിയാൽ ശാർദൂൽ താക്കൂറിനെ വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബയ് ടീമിലേക്ക് അയയ്ക്കും. പരമ്പരയിലെ മൂന്നാം ടെസ്റ്റ് ഈ മാസം 24 മുതൽ അഹമ്മദാബാദിൽ നടക്കും. നാലാം ടെസ്റ്റും മാർച്ച് നാലു മുതൽ ഇതേ വേദിയിലാണ്.

ആസ്ട്രേലിയൻ പര്യടനത്തിനിടെ പരുക്കേറ്റ മുഹമ്മദ് ഷമി, നവ്ദീപ് സെയ്നി എന്നിവർ അവസാന രണ്ടു ടെസ്റ്റുകൾക്കുള്ള ടീമിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. രവീന്ദ്ര ജഡേജ, ഹനുമ വിഹാരി എന്നിവരും ടീമിലില്ല. അതേസമയം അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, മുഹമ്മദ് സിറാജ് തുടങ്ങിയവരെ നിലനിർത്തി.

പരിശീലനത്തിൽ സഹായിക്കാനുള്ള അഞ്ച് നെറ്റ് ബൗളർമാരുടെ സംഘത്തിൽ തമിഴ്നാടിനു കളിക്കുന്ന മലയാളി താരം സന്ദീപ് വാരിയർ ഒരിക്കൽക്കൂടി സംഘത്തിൽ ഇടംപിടിച്ചു. ആദ്യ രണ്ടു ടെസ്റ്റുകളിൽ സ്റ്റാന്റ്ബൈകളായി ടീമിനൊപ്പം ഉണ്ടായിരുന്ന അഭിമന്യൂ ഈശ്വരൻ, ഷഹബാസ് നദീം, പ്രിയങ്ക് പഞ്ചാൽ എന്നിവർക്ക് വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാൻ അനുമതി നൽകി. കെ.എസ്. ഭരത്, രാഹുൽ ചാഹർ എന്നിവരെ സ്റ്റാന്റ്ബൈകളായും പ്രഖ്യാപിച്ചു.

ഇന്ത്യൻ ടീം : വിരാട് കൊഹ്‌ലി (ക്യാപ്ടൻ), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്ടൻ), രോഹിത് ശർമ, മായാങ്ക് അഗർവാൾ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, കെ.എൽ. രാഹുൽ, ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), ആർ.അശ്വിൻ, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ, വാഷിംഗ്ൺ സുന്ദർ, ഇഷാന്ത് ശർമ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.