
ചാമ്പ്യൻസ് ലീഗ് ആദ്യപാദ പ്രീ ക്വാർട്ടറിൽ ബാഴ്സലോണയെ 4-1ന് തകർത്ത് പാരീസ് എസ്.ജി
കിലിയൻ എംബാപ്പെയ്ക്ക് ഹാട്രിക്ക്,പാരീസിന്റെ ജയം നെയ്മറില്ലാതെ
ആദ്യ പാദത്തിൽ 2-0ത്തിന് പോർട്ടോയെ കീഴടക്കി ലിവർപൂൾ
ബാഴ്സലോണ : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ ആദ്യപാദ പ്രീ ക്വാർട്ടറിൽ സ്പാനിഷ് ക്ലബ് ബാഴ്സലോണയെ അവരുടെ തട്ടകത്തിൽചെന്ന് അടിച്ചുതകർത്ത് ഫ്രഞ്ച് ക്ലബ് പാരീസ് എസ്.ജി. ലയണൽ മെസിയുടെ പെനാൽറ്റിയിലൂടെ മുന്നിലെത്തിയിരുന്ന ബാഴ്സലോണയെ ഹാട്രിക് നേടിയ യുവതാരം കിലിയൻ എംബാപ്പെയിലൂടെയാണ് ഫ്രഞ്ച് ക്ളബ് മുട്ടുകുത്തിച്ചത്.
27–ാം മിനിട്ടിലാണ് പെനാൽറ്റിയിലൂടെ സൂപ്പർതാരം ലയണൽ മെസി ബാഴ്സയെ മുന്നിലെത്തിച്ചത്.എന്നാൽ പിന്നീടങ്ങോട്ട് ബാഴ്സയുടെ പ്രതിരോധത്തെ വട്ടം കറക്കി എംബാപ്പെയുടെ തേരോട്ടമായിരുന്നു. അഞ്ചുമിനിട്ടിനകം സമനില പിടിച്ച പാരീസ് രണ്ടാം പകുതിയിലാണ് മറ്റ് മൂന്നുഗോളുകളും നേടിയത്. 32, 65, 85 മിനിട്ടുകളിലായാണ് എംബാപ്പെയുടെ ഗോൾനേട്ടം. പി.എസ്.ജിയുടെ അവസാന ഗോൾ 70-ാം മിനിട്ടിൽ മോയിസ് കീനാണ് നേടിയത്.പരുക്കു മൂലം വിശ്രമിക്കുന്ന ബ്രസീലിയൻ സൂപ്പർതാരം നെയ്മറിനെ കൂടാതെയാണ് പിഎസ്ജി കളത്തിലിറങ്ങിയത്. രണ്ടാം പാദ പ്രീക്വാർട്ടർ മാർച്ച് 20ന് പാരീസിൽ നടക്കും. ഈ മത്സരത്തിൽ നെയ്മർ കളിച്ചേക്കും.
ജർമൻ ക്ലബ് ആർ.ബി ലെയ്പ്സിഗിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇംഗ്ലീഷ് വമ്പൻമാരായ ലിവർപൂൾ തോൽപ്പിച്ചത്. ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷം സൂപ്പർതാരങ്ങളായ മുഹമ്മദ് സലാ (53), സാഡിയോ മാനെ (58) എന്നിവർ അഞ്ച് മിനിട്ടിനിടെ നേടിയ ഗോളുകളാണ് ലിവർപൂളിന് വിജയം സമ്മാനിച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹംഗറിയിലെ ബുഡാപെസ്റ്റിലാണ് ആദ്യപാദ പോരാട്ടം നടന്നത്. രണ്ടാം പാദം ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിൽ മാർച്ച് 10ന് നടക്കും.