
അബുജ: നൈജീരിയയിൽ അക്രമികൾ നൂറോളം വിദ്യാർത്ഥികളെ സ്കൂൾ ഹോസ്റ്റലുകളിൽ നിന്ന് തട്ടിക്കൊണ്ട് പോയി. ഒരു വിദ്യാർത്ഥി വെടിയേറ്റ് മരിച്ചെന്നാണ് വിവരം. കൂടാതെ, തോക്കുധാരികളായ അക്രമികൾ ചില അദ്ധ്യാപകരേയും തട്ടിക്കൊണ്ട് പോയെന്നും റിപ്പോട്ടുകളുണ്ട്. മിലിട്ടറി യൂണിഫോം ധരിച്ചെത്തിയ നിരവധി അക്രമികൾ നിഗർ ജില്ലയിലെ കാഗര നഗരത്തിലെ ഗവൺമെന്റ് സയൻസ് കോളേജിലേക്ക് ചൊവ്വാഴ്ച രാത്രിയാണ് അതിക്രമിച്ച് കടന്നത്. ആയിരത്തോളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. എത്രപേരെയാണ് അക്രമികൾ തട്ടിക്കൊണ്ട് പോയതെന്നുള്ള വിവരങ്ങൾ ലഭ്യമല്ല. വിദ്യാർത്ഥികളെ സമീപത്തുള്ള കാട്ടിലേക്കാണ് അക്രമികൾ കൊണ്ടുപോയതെന്നാണ് റിപ്പോർട്ടുകൾ. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. അതേസമയം, ആകെ 42 പേരെയാണ് തട്ടിക്കൊണ്ട് പോയതെന്നും ഇതിൽ 27 പേർ വിദ്യാർത്ഥികളാണെന്നും റിപ്പോർട്ടുകളുണ്ട്. മുൻപും സമാന സംഭവങ്ങൾ നൈജീരിയയിൽ വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം, കാറ്റ്സിനയിൽ നൂറോളം വിദ്യാർത്ഥികളെ അക്രമികൾ തട്ടിക്കൊണ്ട് പോയിരുന്നു. സർക്കാർ അക്രമികളുമായി നടത്തിയ അനുനയ ചർച്ചകൾക്ക് ശേഷമാണ് ഇവരുടെ മോചനം സാദ്ധ്യമായത്.
അശാന്തി പടരുന്നു
നൈജീരിയയിലെ പല ഭാഗങ്ങളും അക്രമ സംഘങ്ങളുടെ ആക്രമണങ്ങളാൽ വീർപ്പുമുട്ടുകയാണ്. പ്രദേശിക കൊള്ളക്കാരായി അറിയപ്പെടുന്ന ഇവർ പണത്തിനായി എന്ത് അതിക്രമവും ചെയ്യും. സ്ത്രീകളെ ബലാത്സംഗം ചെയ്യാനും ഇവർ മടിക്കാറില്ല.
വർഷങ്ങളായി ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. അക്രമികൾക്കിടയിൽ ഭീകരരും ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.