
ചണ്ഡിഗഢ്: കർഷക പ്രക്ഷോഭം ആരംഭിച്ച ശേഷം പഞ്ചാബിൽ നടന്ന ആദ്യ തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഭരണകക്ഷിയായ കോൺഗ്രസ്, ബി.ജെ.പിക്ക് കനത്ത പ്രഹരം നൽകി.
ഫലം പ്രഖ്യാപിച്ച ഏഴ് മുനിസിപ്പൽ കോർപ്പറേഷനുകളും കോൺഗ്രസ് നേടി.
മോഗ, ഹോഷിയാർപുർ, കപൂർത്തല, അബോഹർ, പത്താൻകോട്ട്, ബട്ടാല, ഭട്ടിൻഡ കോർപ്പറേഷനുകളാണ് കോൺഗ്രസ് തൂത്തുവാരിയത്. ഭട്ടിൻഡയിൽ 53 വർഷത്തിന് ശേഷമാണ് കോൺഗ്രസ് ഭരണം പിടിക്കുന്നത്. മൊഹാലി കോർപ്പറേഷനിൽ രണ്ടിടത്ത് റീപോളിംഗ് വേണ്ടിവന്നതിനാൽ ഫല പ്രഖ്യാപനം ഇന്നായിരിക്കും. അബോഹറിൽ 50ൽ 49 സീറ്റും കോൺഗ്രസിനാ ണ്.
ആകെയുള്ള 109 മുനിസിപ്പൽ കൗൺസിൽ, നഗർ പഞ്ചായത്തുകളിൽ 101 ഇടത്ത് കോൺഗ്രസ് ലീഡ് ചെയ്യുകയാണ്. ശിരോമണി അകാലിദൾ എട്ടിടത്ത് ലീഡ് ചെയ്യുന്നു. ബി.ജെ.പി ചിത്രത്തിലേയില്ല. ഫെബ്രുവരി 14നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്.
ഭട്ടിൻഡയിൽ 50ൽ 43 സീറ്റും നേടിയ കോൺഗ്രസ് വിജയത്തിന് മറ്റൊരു സവിശേഷതയുമുണ്ട്. മുൻ കേന്ദ്രമന്ത്രിയും ശിരോമണി അകാലിദൾ എം.പിയുമായ ഹർസിമ്രത് ബാദലാണ് ഭട്ടിൻഡ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് ഹർസിമ്രത് ബാദൽ അടുത്തിടെ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ശിരോമണി അകാലിദൾ ബി.ജെ.പി ബന്ധം ഉപേക്ഷിക്കുകയും ചെയ്തു.
9,222 സ്ഥാനാർത്ഥികളാണ് ആകെ ഉണ്ടായിരുന്നത്. 2,832 സ്വതന്ത്രന്മാരും മത്സരിച്ചു. 2,037 പേരെയാണ് കോൺഗ്രസ് മത്സരിപ്പിച്ചത്. പ്രതിഷേധങ്ങളെ തുടർന്ന് ബി.ജെ.പിക്ക് പലയിടങ്ങളിലും സ്ഥാനാർത്ഥികളെ നിറുത്താനായില്ല. 1003 പേരാണ് ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചത്. ശിരോമണി അകാലിദളിന് 1,569 സ്ഥാനാർത്ഥികളുണ്ടായിരുന്നു.