kas

തിരുവനന്തപുരം: കെ.എ.എസ് മൂന്ന് സ്ട്രീമുകളിലും സംവരണം ഉറപ്പാക്കുന്നതിന് സുപ്രീംകോടതിയിലെ കേസിൽ സംസ്ഥാന സർക്കാർ ഫലപ്രദമായി ഇടപെടണമെന്ന് ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ് കോഓർഡിനേറ്റർ വി.ആർ. ജോഷി ആവശ്യപ്പെട്ടു. പിന്നാക്ക വിഭാഗങ്ങളുടെ സമ്മർദ്ദത്തെ തുടർന്നാണ് മൂന്ന് സ്ട്രീമിലും സംവരണത്തിന് സർക്കാർ തയ്യാറായത്. ഇതിനെതിരെ എൻ.എസ്.എസ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലും ഹൈക്കോടതിയിലും നൽകിയ ഹർജികൾ തള്ളി. തുടർന്ന്, സുപ്രീംകോടതിയിൽ നൽകിയ കേസിന്മേൽ ഇന്നലെ നടന്ന വാദത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടൽ ഉണ്ടായില്ല. വാദമുഖങ്ങളും നിരത്തിയില്ല.

സംവരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന എൻ.എസ്.എസിന്റെ ആവശ്യം കോടതി അനുവദിക്കാതിരുന്നത് ഫോറത്തിന് വേണ്ടി ഹാജരായ

ഇന്ദിരാജയ്സിംഗ് നടത്തിയ ഇടപെടൽ കൊണ്ട് മാത്രമാണ്. കേസ് മാറ്റിവയ്ക്കണമെന്ന സർക്കാരിന്റെ ആവശ്യം ഇനിയൊരവസരം നൽകില്ലെന്ന വ്യവസ്ഥയോടെയാണ് അനുവദിച്ചത്.ഈ സാഹചര്യത്തിൽ, സംവരണം നിലനിറുത്തുന്നതിന് മുഖ്യമന്ത്രിയും നിയമ മന്ത്രിയും ഇടപെടുകയും സുപ്രീംകോടതിയിൽ സീനിയർ അഭിഭാഷകരെ നിയോഗിക്കുകയും വേണം. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് തീരുമാനമുണ്ടായില്ലെങ്കിൽ സംവരണവിരുദ്ധ ഉദ്യോഗസ്ഥ ലോബി അട്ടിമറി നീക്കം നടത്തുമെന്നും പ്രസ്താവനയിൽ പറഞ്ഞു.