trade

റിയാദ്: സൗദിയും ഖത്തറും തമ്മിലുള്ള റോഡ് വഴിയുള്ള വ്യാപാരത്തിന് തുടക്കമായി. സൗദിയിലെ സൽവ അതിർത്തിയിലുള്ള ലോറികൾ ഖത്തർ അതിർത്തിയിൽ പ്രവേശിച്ചതോടെയാണിത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ചരക്കുനീക്കം പുരോഗമിക്കുന്നത്. ഖത്തർ അതിർത്തിയായ അബൂസംറ വരെ ചരക്ക് വാഹനങ്ങളെത്തി. ഇവിടെ നിന്നും ലോറികൾ ഉപയോഗപ്പെടുത്തി വിവിധ ഭാഗങ്ങളിലേക്ക് ചരക്കുകൾ കൊണ്ടു പോകും. ചരക്കു നീക്കം നടത്തുന്നവർ ഇതിനായുള്ള ക്രമീകരണങ്ങൾ ചെക്ക് പോയിന്റിൽ നിന്നും മുൻകൂട്ടി തയ്യാറാക്കിയിട്ടുണ്ട്.

അബൂസംറയിൽ ചരക്കുകൾ ഇറക്കിയാൽ സൗദിയിലേക്കുള്ള ലോറികൾ തിരികെ പോകണമെന്നതാണ് ചട്ടം. ഖത്തറിൽ നിന്നും സൗദിയിലേക്കുള്ള ചരക്ക് വാഹനങ്ങൾക്കും ഈ രീതിയിൽ പ്രവേശിക്കാം. നടപടി ക്രമങ്ങൾ എളുപ്പമാക്കാനും ക്യൂ ഒഴിവാക്കാനും ലോറികളുടെ വിവരങ്ങൾ മുൻകൂട്ടി ചെക്ക്‌പോയിന്റിൽ അറിയിക്കണം. അതിർത്തിയിൽ പ്രവേശിക്കാൻ ലോറി ഡ്രൈവർമാർക്ക് മൂന്ന് ദിവസത്തിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.