
ബാങ്കുകളിലും ഇരുമ്പുപെട്ടികളിലും അടക്കം സൂക്ഷിച്ച പണം ചിതലരിച്ചതായ വാർത്തകൾ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും പലപ്പോഴായി പുറത്തു വന്നിട്ടുണ്ട്. ഇത്തരത്തിൽ ചെറുതും വലുതുമായ തുകകൾ നഷ്ടപ്പെട്ടവർ നിരവധിയാണ്. സമാനമായ ഒരു വാർത്തയാണ് ഇപ്പോൾ ആന്ധ്രാ പ്രദേശിലെ കൃഷ്ണ ജില്ലയിൽ നിന്നും പുറത്തുവരുന്നത്.
ചെറുകിട വ്യവസായിയായ ബിജ്ലി ജമലയ്യ എന്നയാളാണ് തന്റെ സമ്പാദ്യം ഇരുമ്പ് പെട്ടിയിൽ സൂക്ഷിച്ച് ഇത്തവണ പണിവാങ്ങിച്ചിരിക്കുന്നത്. ജമലയ്യയുടെ അഞ്ചു ലക്ഷം രൂപയാണ് ചിതലരിച്ചു പോയത്. കഴിഞ്ഞ ചൊവ്വാഴ്ച്ച പെട്ടി തുറന്നു നോക്കിയ സമയത്താണ് പണം പൂർണമായും ചിതലരിച്ച നിലയിൽ കണ്ടെത്തിയത്. പന്നി വിൽപ്പനക്കാരനായ ജമലയ്യ വീടുവയ്ക്കാനായി കരുവെച്ചതായിരുന്നു ഈ തുക.
ചിതലരിച്ച് ഉപയോഗശൂന്യമായ പണം ആദ്ദേഹം പ്രദേശത്തെ റോഡിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് വിതരണം ചെയ്തു. കുട്ടികൾ ഇത്രയും വലിയ തുകയുമായി കറങ്ങുന്നത് പലരും കണ്ടതോടെ പൊലീസിൽ വിവരമറിയിക്കുകയും അവർ പണത്തിന്റെ ഉറവിടം കണ്ടെത്തുകയുമായിരുന്നു.

പണം ചിതലരിക്കുന്ന സംഭവം ആദ്യമായിട്ടല്ല ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 2011 ൽ ഉത്തർ പ്രദേശിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചിൽ പണം ചിതലരിച്ചത് വൻ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ഏകദേശം പത്തു ലക്ഷത്തോളം രൂപം ബാങ്ക് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം നശിച്ചുവെന്ന് റിപ്പോർട്ടു ചെയ്യപ്പെട്ടിരുന്നു. ഈയടുത്ത് ഗുജറാത്തിലെ ഒരു സ്വകാര്യ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന പണം ചിതലരിച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. 2.2 ലക്ഷത്തോളം രൂപയായിരുന്നു വഡോദരയിൽ നാശ നഷ്ടം സംഭവിച്ചത്. സംഭവം വിവാദമായതോടെ ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും ഉപഭോക്താക്കളുടെ പണം തങ്ങളുടെ പക്കൽ സുരക്ഷിതമാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും ബാങ്ക് അറിയിച്ചിരുന്നു. സമാനമായ സംഭവം ബിഹാറിൽ നിന്നും 2008 ൽ റിപ്പോർട്ട് ചെയ്തിരുന്നു.