
ബംഗളൂരു: ആർ.എസ്.എസ് നാസികളെ പോലെ പെരുമാറുന്നുവെന്നാരോപണത്തിന് പിന്നാലെ അയോദ്ധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി സംഭാവന നൽകണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായി കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. സംഭാവന നൽകുന്നവരുടേയും നൽകാത്തവരുടേയും വീടുകൾ ആർ.എസ്.എസ് പ്രത്യേകം അടയാളപ്പെടുത്തുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം കുമാരസ്വാമി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്ത്രീയുൾപ്പടെയുള്ള മൂന്നംഗസംഘം വീട്ടിലെത്തിയെന്നും ക്ഷേത്രനിർമാണത്തിനായി പണം നൽകാത്തതിനെ തുടർന്ന് ഭീഷണിപ്പെടുത്തിയതായും കുമാരസ്വാമി ആരോപിച്ചത്.
'ആരാണ് വിവരം നൽകുന്നത്. തെരുവിലുള്ള നിരവധി ആളുകൾ പലരേയും ഭീഷണിപ്പെടുത്തി പണം വാങ്ങുന്നുണ്ട്. ഞാനും ഒരു ഇരയാണ്. ഒരു സ്ത്രീ ഉൾപ്പടെയുളള മൂന്നംഗ സംഘം എന്റെ വീട്ടിലെത്തി എന്തുകൊണ്ടാണ് നിങ്ങൾ പണം നൽകാത്തതെന്ന് ചോദിച്ച് ഭീഷണിപ്പെടുത്തിയിരുന്നു.' - കുമാരസ്വാമി മാദ്ധ്യമങ്ങളോട് പറഞ്ഞു.
കുമാരസ്വാമിയുടെ പരാമർശത്തെ വിശ്വഹിന്ദു പരിഷത്ത് അപലപിച്ചു. സംസ്ഥാനത്തിന്റെ പരമോന്നത പദവി വഹിച്ച ഒരു വ്യക്തി ഉന്നയിച്ച ആരോപണങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും കുമാരസ്വാമിയിൽ നിന്നുണ്ടായത് നിരുത്തരവാദപരമായ ട്വീറ്റാണെന്നും വി.എച്ച്.പി വിമർശിച്ചു.
രാമക്ഷേത്രനിർമാണത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനങ്ങളിൽ നിന്ന് സംഭാവന പിരിക്കുന്നതിനായി ആർ.എസ്.എസിനും വിശ്വഹിന്ദുപരിഷത്തിനും ശ്രീരാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗീകാരം നൽകിയിട്ടുണ്ട്.