
വാഷിംഗ്ടൺ: തണുപ്പ് കാറ്റിനെ അതിജീവിച്ച്, ആറ് കിലോമീറ്ററോളം നടന്ന് കൊവിഡ് വാക്സിൻ സ്വീകരിച്ച് 90കാരിയായ ഫ്രാൻ ഗോൾഡ്മാൻ. സിയാറ്റില്‍ ടൈംസാണ് ഈ സംഭവം ലോകത്തെ അറിയിച്ചത്. ' എല്ലാ ദിവസവും വാക്‌സിനെടുക്കാനുള്ള അപ്പോയിന്റ്‌മെന്റ് ലഭിക്കാനായി ഞാൻ വിളിക്കാറുണ്ടായിരുന്നു. രാത്രി ഓൺലൈനായും ശ്രമിക്കും.' ഗോൾഡ്മാൻ പറയുന്നു. ഒടുവിൽ ഞായറാഴ്ച രാവിലെ ഗോൾഡമാന് അപ്പോയിന്റ്‌മെന്റ് ലഭിച്ചു. എന്നാൽ, വെള്ളിയാഴ്ചയും ശനിയാഴ്ചയും ഈ പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ചയും തണുപ്പുകാറ്റും അനുഭവപ്പെട്ടിരുന്നു. എന്നാൽ, തണുപ്പുകാറ്റിനെ വകവയ്ക്കാതെ ഗോൾഡ്മാൻ വാക്‌സിനേഷൻ സെന്ററിലേക്ക് പുറപ്പെട്ടു. മഞ്ഞിൽ നിന്ന് സംരക്ഷണം നൽകുന്ന കോട്ടിനുള്ളിൽ ചെറിയ കൈയുള്ള ഷർട്ടാണ് ഗോൾഡ്മാൻ ധരിച്ചിരുന്നത്. വാക്സിനേഷൻ എടുക്കാനുള്ള എളുപ്പത്തിനായിരുന്നു അത്. കാലിൽ സ്‌നോബൂട്ടും കൈയ്യിൽ ഊന്ന് വടിയുമായി മഞ്ഞിലൂടെ നടക്കുക അത്ര എളുപ്പമായിരുന്നില്ലെന്നും അവർ പറയുന്നു.