
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ബോംബുണ്ടാക്കാൻ പഠിപ്പിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ 30 താലിബാൻ ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബാൽക് പ്രവിശ്യയിലെ പള്ളിയിലാണ്
സ്ഫോടനമുണ്ടായത്. ആറ് വിദേശികളുൾപ്പടെ 30 പേർ കൊല്ലപ്പെട്ടെന്ന് അഫ്ഗാൻ നാഷണൽ ആർമി അറിയിച്ചു. സ്ഫോടനത്തിൽ കൊല്ലപ്പെട്ട വിദേശികളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് അഫ്ഗാൻ സൈന്യം അറിയിച്ചു. ഇവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം ചിതറിപോയെന്ന് സൈന്യം വ്യക്തമാക്കി. ബോംബുകളും മൈനുകളും നിർമ്മിക്കാനായി വിദഗ്ദ്ധർ ക്ലാസുകൾ നയിച്ചിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതേസമയം, താലിബാനും സർക്കാരും തമ്മിലുള്ള സമാധാന ചർച്ചകൾ ആരംഭിച്ചതിനെ തുടർന്ന് അഫ്ഗാനിലെ സംഘർഷങ്ങളിൽ അയവു വന്നിട്ടുണ്ട്.