
നോർത്ത് കരോലിന: അർദ്ധരാത്രി വീട്ടിൽ അതിക്രമിച്ച് കയറിയ മോഷ്ടാവ് പന്ത്രണ്ടുകാരന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. 13ന് ശനിയാഴ്ച യു.എസിലെ നോർത്ത് കരോലിനയിലെ സൗത്ത് വില്യം സ്ട്രീറ്റിലായിരുന്നു സംഭവം. വീട്ടിൽ അതിക്രമിച്ച് കയറിയ രണ്ട് മോഷ്ടാക്കൾ പണം ആവശ്യപ്പെട്ടു. പിന്നീട്, കുട്ടിയുടെ അമ്മൂമ്മയായ എല്ലിസിന് (78) നേരെ വെടിയുതിർത്തു. ഇതു കണ്ട കുട്ടി വീട്ടിൽ സൂക്ഷിച്ചിരുന്ന റിവോൾവർ ഉപയോഗിച്ച് മോഷ്ടാക്കൾക്ക് നേരെ നേരേ വെടിവച്ചു. വെടിയേറ്റ അക്രമികൾ ഓടി രക്ഷപെട്ടു. പിന്നീട് പൊലീസ് പരിസരത്ത് നടത്തിയ തെരച്ചിലിനിടെ പ്രതികളിലൊരാൾ വെടിയേറ്റു വീണ് കിടക്കുന്നത് കണ്ടു. ഇയാളെ, ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാലിനു വെടിയേറ്റ എല്ലിസ് പരിക്കുകളോടെ ആശുപത്രിയിൽ കഴിയുന്നതായി പൊലീസ് അറിയിച്ചു. രണ്ടാമത്തെ പ്രതിക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.