
കേപ്ടൗൺ : മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലെസി ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ചു. കൊവിഡ് വ്യാപനം നിമിത്തം ആസ്ട്രേലിയയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം മാറ്റിവച്ചതിനു പിന്നാലെയാണ് ടെസ്റ്റ് കരിയറിന് വിരാമമിടാനുള്ള തീരുമാനം മുപ്പത്തിയാറുകാരനായ ഡുപ്ലെസി പ്രഖ്യാപിച്ചത്. 2012ൽ ആസ്ട്രേലിയയ്ക്കെതിരെ അഡ്‍ലെയ്ഡിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഡുപ്ലെസി 69 ടെസ്റ്റുകളിൽ ദക്ഷിണാഫ്രിക്കൻ ജഴ്സിയണിഞ്ഞു. ഈ മാസം റാവൽപിണ്ടിയിൽ നടന്ന പാക്കിസ്ഥാനെതിരായ ടെസ്റ്റായിരുന്നു അവസാനത്തേത്. ഏകദിന, ട്വന്റി-20 ഫോർമാറ്റുകളിൽ തുടർന്നും കളിക്കും.
2012ൽ അഡ്‍ലെയ്ഡിലെ അരങ്ങേറ്റ ടെസ്റ്റിൽ തോൽവിയുടെ വക്കിൽനിന്ന് ദക്ഷിണാഫ്രിക്കയെ രക്ഷപ്പെടുത്തിയ നാലാം ഇന്നിംഗ്സ് സെഞ്ച്വറിയുമായാണ് ഡുപ്ലെസി വരവറിയിച്ചത്. ഒന്നാം ഇന്നിംഗ്സിൽ 159 പന്തിൽനിന്ന് 78 റൺസെടുത്ത താരം, രണ്ടാം ഇന്നിംഗ്സിൽ 376 പന്തിൽനിന്ന് പുറത്താകാതെ 110 റൺസ് നേടിയാണ് ടീമിനെ തോൽവിയിൽനിന്ന് കരകയറ്റിയത്.
2016ൽ ഡിവില്ലിയേഴ്സിൽനിന്ന് ടെസ്റ്റ് ടീമിന്റെ ക്യാപ്ടൻ സ്ഥാനം ഏറ്റെടുത്തു. കഴിഞ്ഞ ജനുവരിയിൽ നാട്ടിൽ ഇംഗ്ലണ്ടിനോടേറ്റ ടെസ്റ്റ് പരമ്പരയിലെ തോൽവിയോടെ സ്ഥാനം ഒഴിഞ്ഞു. 36 മത്സരങ്ങളിലാണ് ദക്ഷിണാഫ്രിക്കൻ ടീമിനെ നയിച്ചത്.
69 ടെസ്റ്റുകളിലെ 118 ഇന്നിംഗ്സുകളിൽനിന്നായി 40.02 ശരാശരിയിൽ 4163 റൺസാണ് സമ്പാദ്യം. ഇതിൽ 10 സെഞ്ച്വറികളും 21 അർധസെഞ്ച്വറികളുംഉൾപ്പെടുന്നു. 199 റൺസാണ് ഉയർന്ന സ്കോർ. 63 ക്യാച്ചുകളും സ്വന്തമാക്കി. ടെസ്റ്റിൽ 78 പന്തുകൾ മാത്രമെറിഞ്ഞിട്ടുള്ള ഡുപ്ലേസിക്ക് വിക്കറ്റൊന്നും ലഭിച്ചില്ല.
പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിൽ തിളങ്ങാൻ കഴിയാതെ പോയതിനു പിന്നാലെയാണ് കരിയർ അവസാനിപ്പിക്കാനുള്ള ഡുപ്ലേസിയുടെ തീരുമാനം. ഈ പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ 23, 10, രണ്ടാം ടെസ്റ്റിൽ 17, 5 എന്നിങ്ങനെയാണ് ഡുപ്ലേസിയുടെ സ്കോറുകൾ. രണ്ടു ടെസ്റ്റുകളും പാക്കിസ്ഥാൻ ജയിക്കുകയും ചെയ്തു.