
ചെന്നൈ : ഐ.പി.എൽ ക്രിക്കറ്റിന്റെ ഈ വർഷത്തെ താരലേലം ഇന്ന് ചെന്നൈയിൽ നടക്കും. 164 ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെ 292 പേരാണ് ലേലത്തിൽ പങ്കെടുക്കുന്നത്. 8 ടീമുകളിലായി പരമാവധി 61 താരങ്ങൾക്ക് അവസരമൊരുങ്ങും. 22 വിദേശതാരങ്ങളെയാണ് ലേലത്തിലെടുക്കാനാവുന്നത്.
താരലേലത്തിനു മുന്നോടിയായി എട്ടു ടീമുകളും ചേർന്ന് 139 താരങ്ങളെ നിലനിറുത്തിയിട്ടുണ്ട്. 57 താരങ്ങളെ റിലീസ് ചെയ്തു. ലേലത്തിൽ ഏറ്റവുമധികം തുകയുമായെത്തുന്ന ടീം പഞ്ചാബ് കിംഗ്സാണ്. 5 വിദേശതാരങ്ങളുൾപ്പെടെ 9 കളിക്കാരെ തേടുന്ന കിംഗ്സിന് 53.2 കോടി രൂപ ലേലത്തിൽ ചെലവഴിക്കാം. മലയാളി താരം സഞ്ജു സാംസൺ നായകനാകുന്ന രാജസ്ഥാൻ റോയൽസാണു ലേലത്തുകയിൽ രണ്ടാമത്; 37.85 കോടി.
35.4 കോടിയുള്ള ബെംഗളൂരു റോയൽ ചാലഞ്ചേഴ്സാണു 3–ാം സ്ഥാനത്ത്. ലേലത്തിൽ ഏറ്റവും കൂടുതൽ കളിക്കാരെ തേടുന്ന ടീമും ബെംഗളൂരുവാണ്.
കാര്യമായ മാറ്റങ്ങൾക്കു ശ്രമിക്കാത്ത രണ്ടു ടീമുകൾ ഹൈദരാബാദും കൊൽക്കത്തയുമാണ്. നിലവിലെ ടീം ഏറെക്കുറെ നിലനിർത്തിയ ഇരുസംഘങ്ങളും 5 താരങ്ങളെ മാത്രമേ റിലീസ് ചെയ്തിട്ടുള്ളൂ. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസിന്റെ വിദേശനിരയിലാണു പ്രകടമായ മാറ്റം. മുംബൈ ഒഴിവാക്കിയ ഏഴിൽ 5 പേരും വിദേശതാരങ്ങൾ.
∙ കിംഗ്സ് ഇലവൻ 53.20 കോടി
∙ രാജസ്ഥാൻ റോയൽസ് 37.85 കോടി
∙ റോയൽ ചാലഞ്ചേഴ്സ് 35.40 കോടി
∙ ചെന്നൈ സൂപ്പർ കിങ്സ് 19.90 കോടി
∙ മുംബൈ ഇന്ത്യൻസ് 15.35 കോടി
∙ ഡൽഹി ക്യാപ്പിറ്റൽസ് 13.40 കോടി
∙ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് 10.75 കോടി
∙ സൺറൈസേഴ്സ് ഹൈദരാബാദ് 10. 75 കോടി