റാഫേൽ നദാലും ആഷ്ലി ബാർട്ടിയും ക്വാർട്ടറിൽ പുറത്ത്
മെൽബൺ : ആസ്ട്രേലിയൻ ഓപ്പണിൽ മുൻനിര താരങ്ങൾക്ക് അടിതെറ്റി. പുരുഷ വിഭാഗത്തിൽ മുൻ ചാമ്പ്യനും ലോകരണ്ടാം റാങ്കുതാരവുമായ റാഫേൽ നദാലും വനിതാ വിഭാഗത്തിൽ ടോപ് സീഡ് ആഷ്ലി ബാർട്ടിയുമാണ് ഇന്നലെ ക്വാർട്ടർ ഫൈനലിൽ തോറ്റ പ്രമുഖർ.
അഞ്ച് സെറ്റ് നീണ്ട ആവേശപ്പോരാട്ടത്തിലാണ് ഗ്രീസിന്റെ അഞ്ചാം സീഡ് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ് നദാലിനെ വീഴ്ത്തി സെമിയിലെത്തിയത്. ആദ്യ രണ്ടു സെറ്റും നഷ്ടമാക്കി തോൽവിയുടെ വക്കിലെത്തിയ ശേഷമാണ് ശേഷിച്ച മൂന്നു സെറ്റും സ്വന്തമാക്കി സിറ്റ്സിപാസിന്റെ അദ്ഭുതകരമായ തിരിച്ചുവരവ്. സ്കോർ: 3–6, 2–6, 7–6 (7–4), 6–4, 7–5.
ഇതോടെ 21–ാം ഗ്രാൻസ്ളാം കിരീടം നേടി റോജർഫെഡററുടെ റെക്കാഡ് തകർക്കാനുള്ള നദാലിന്റെ മോഹവും തത്കാലം മാറ്റിവയ്ക്കേണ്ടിവന്നു. രണ്ടു വർഷം മുൻപ് ഇതേ വേദിയിൽ നദാലിനോടേറ്റ ദയനീയ തോൽവിക്ക് പകരം വീട്ടുകയായിരുന്നു സിറ്റ്സിപാസ് .
നാളെ നടക്കുന്ന സെമി പോരാട്ടത്തിൽ റഷ്യൻ താരം ഡാനിൽ മെദ്‌വെദേവാണ് ഇരുപത്തിരണ്ടുകാരനായ സിറ്റ്സിപാസിന്റെ എതിരാളി. റഷ്യൻ താരങ്ങളുടെ ക്വാർട്ടർ പോരാട്ടത്തിൽ ആന്ദ്രെ റൂബ്‍ലെവിനെ തോൽപ്പിച്ചാണ് നാലാം സീഡായ മെദ്‌വെദേവ് സെമിയിൽ കടന്നത്. ഇരുപത്തഞ്ചുകാരനായ മെദ്‌വെദേവിന്റെ കന്നി ഓസ്ട്രേലിയൻ ഓപ്പൺ സെമി പ്രവേശമാണിത്. സ്കോർ: 7-5 6-3 6-2.
വനിതാ ക്വാർട്ടർ ഫൈനലിൽ 25-ാം സീഡായ ചെക്ക് റിപ്പബ്ളിക്കുകാരി കരോളിന മുച്ചോവയാണ് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ ഒന്നാം സീഡായ ആഷ്ലി ബാർട്ടിയെ തോൽപ്പിച്ചത്. സ്കോർ : 1-6,6-2,6-3.മറ്റൊരു ക്വാർട്ടർ ഫൈനലിൽ അമേരിക്കൻ താരം ജെന്നിഫർ ബ്രാഡി മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ സ്വന്തം നാട്ടുകാരി ജെസീക്ക പെഗുലയെ തോൽപ്പിച്ച് സെമിയിലെത്തി.